നിരോധിച്ച നോട്ട് ഉപയോ​ഗിച്ച് പഞ്ചസാര മില്ല് വാങ്ങി; വി കെ ശശികലയ്ക്കെതിരെ സിബിഐ കേസ്

Share our post

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്‌ത വി കെ ശശികലയ്‌‌ക്കെതിരെ മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ കേസെടുത്ത് സിബിഐ. നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് കാഞ്ചീപുരത്തെ പദ്മദേവി പഞ്ചസാര മില്ല് 450 കോടി രൂപയ്‌ക്ക്‌ വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്. നോട്ട് നിരോധനത്തിന്റെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഇടപാട് നടന്നതെന്നാണ് വിവരം. സിബിഐ ബംഗളൂരു യൂണിറ്റാണ് ഇക്കാര്യം അന്വേഷിക്കുന്നത്. പദ്മദേവി മില്ല് 120 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസിൽ സിബിഐ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷത്തിലാണ് വി കെ ശശികലയുടെ ഇടപാട് വിവരങ്ങൾ പുറത്ത് വന്നത്. വി കെ ശശികലയുൾപ്പെടെ പുറത്താക്കപ്പെട്ട നേതാക്കളെ തിരികെ കൊണ്ടുവരാനുള്ള ഐക്യനീക്കങ്ങൾ എഐഡിഎംകെയിൽ നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ പാർട്ടിയിൽ ഐക്യമുണ്ടാകണമെന്നും പുറത്ത് പോയ നേതാക്കളെ തിരിച്ചു കൊണ്ടുവരണമെന്നും മുതിർന്ന എഐഎഡിഎംകെ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ കെ എ സെങ്കോട്ടയ്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടി ഭിന്നിച്ചു നിന്നാൽ എഐഎഡിഎംകെയ്ക്ക് തനിച്ച് സർക്കാർ രൂപീകരിക്കാൻ കഴിയില്ല. തങ്ങളുടെ ഉപദേശം സ്വീകരിക്കാനുള്ള പക്വതയോ മാനസികാവസ്ഥയോ പാർടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയ്ക്ക് ഉണ്ടായിരുന്നില്ല. വേലുമണി, തങ്കമണി, സിവി ഷൺമുഖം, അൻപഴകൻ, വി കെ ശശികല, ടി ടി വി ദിനകരൻ, ഒ പനീർശെൽവം എന്നിവരെയും 10 ദിവസത്തിനകം പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!