മകളെ വാളുപയോഗിച്ച് വെട്ടാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

പയ്യന്നൂര്‍: അമ്മയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ മകളെ വാളുകൊണ്ട് കഴുത്തിന് വെട്ടാന്‍ ശ്രമിച്ച പിതാവ് വധശ്രമകേസില്‍ അറസ്റ്റില്‍. കരിവെള്ളൂര്‍ പാലത്തര കിഴക്ക് സ്വദേശി കെ.വി.ശശിയെ (55) ആണ് പയ്യന്നൂര്‍ എസ്.ഐ. പി. യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി 8.30 മണിക്കായിരുന്നു പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ വെച്ച് പ്രതി അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച 22 കാരിയായ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി കയ്യിലുണ്ടായിരുന്ന വാളുകൊണ്ട് കഴുത്തില്‍ വെട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതി കാലുകൊണ്ട് ചവിട്ടിയും മുടിക്ക് കുത്തി പിടിച്ചും ദേഹോപദ്രവം ഏല്പിച്ചുവെന്നും പരാതിയുണ്ട്.
പരിക്കേറ്റ മകള്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.