യുവമോര്‍ച്ച നേതാവിനെയും അമ്മയെയും ആക്രമിച്ച 12 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂർ: പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാത്തതിന് വീട്ടില്‍ അതിക്രമിച്ചുകയറി യുവമോര്‍ച്ച നേതാവിനെയും അമ്മയെയും ആക്രമിച്ചതായി പരാതി. അക്രമം നടത്തിയതിന് കണ്ടാലറിയാവുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ 12 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. പുതിയതെരു മണ്ഡപത്തിന് സമീപത്തെ ഓങ്കാരം ഹൗസില്‍ ടി. സൂരജ് രാധന്‍ (26), അമ്മ സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിന്റെ പരാതിയില്‍ ജഗന്, ആകാശ്, അദിത്ത്, ഗോപികൃഷ്ണന്, ആദര്‍ശ്, അര്ജുന്, സഗിനന്ദ്, വൈശാഖ്, അഭിനവ്, കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ചൊവ്വാഴ്ച രാത്രി 11.30ന് മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി സംഘം സൂരജിന്റെ തലക്ക് ഇരുമ്പുവടികൊണ്ട് അടിച്ചും കൈക്ക് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും സുഹൃത്തുക്കളെ അടിച്ചുപരിക്കേല്‍പ്പിക്കുകയും വീടിന്റെ ജനലുകളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. അക്രമം തടയാന്‍ ശ്രമിച്ച അമ്മ സുജാതക്കും മര്‍ദനമേറ്റു. ബി.ജെ.പിയുടെ പരിപാടികളില്‍ പങ്കെടുക്കാത്തതും ബി.ജെ.പി ജില്ലാ സെക്രട്ടറി അര്ജുന് മാവിലക്കണ്ടിക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട വിരോധവുമാണത്രെ അക്രമത്തിന് കാരണം. യുവമോര്‍ച്ച ചിറക്കല്‍ മണ്ഡലം മുന്‍ പ്രസിഡന്റാണ് സൂരജ്.