ഓണ സദ്യ വിളമ്പാനും ഉണ്ണാനും ചില രീതികളുണ്ട്
 
        ഓണം ഒരുക്കാനുള്ള ഓട്ടപാച്ചിലിലാണ് മലയാളികൾ. ഓണത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഓണസദ്യ. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയാറുള്ളത്. ഉണ്ടറിയണം ഓണം എന്നും പറയാറുണ്ട്. ഓണസദ്യ എങ്ങനെയാണ് കേമമാകുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നല്ല വിഭവസമൃദ്ധമായ സദ്യ തയ്യാറാക്കിയാൽ മാത്രം പോരാ.. സദ്യ വിളമ്പുന്നതിനും അത് കഴിക്കുന്നതിനുമൊക്കെ ചില രീതികളുണ്ട്. അതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. ഉണ്ണാനിരിക്കുന്നവർക്ക് ഓരോ വിഭവവും യഥാസയമം എത്തിച്ചു കൊടുക്കുന്നതാണ് സദ്യയുടെ ചിട്ടവട്ടങ്ങളിൽ പ്രധാനം. ഉണ്ണാൻ മാത്രമല്ല വിളമ്പാനും പഠിക്കണമെന്ന് പറയുന്നതിന്റെ കാര്യമതാണ്. സത്വ – രജോ ഗുണങ്ങൾ ഉള്ള കറികൾ സമ്മിശ്രമായും മധുരം അതിന് ഇടകലർന്നും വിളമ്പിയാലേ ശാസ്ത്രീയമായി സദ്യ കേമമാകുകയുള്ളൂ എന്നാണ് കാരണവന്മാരുടെ നിലപാട്. നന്നായി പാചകം ചെയ്ത് കഴിഞ്ഞാൽ ചാതുര്യത്തോടെ അത് നന്നായി വിളമ്പിക്കൊടുക്കുന്നതാണ് സദ്യയുടെ വിജയം. സദ്യ വിളമ്പുന്നതിന്റെ ചിട്ടക്രമം ഓണത്തിന് പ്രധാനമാണ്. ഓണസദ്യ വിളമ്പേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
തൂശനിലയിലായിരിക്കണം ഓണസദ്യ വിളമ്പേണ്ടത്. നാക്കിലയെന്നും ഇതിനെ പറയാറുണ്ട്. വാഴയിലുടെ തുമ്പ് വെട്ടിയെടുക്കുന്നതാണ് തൂശനില അഥവാ നാക്കില. ഇല ഇടുന്നതിനും ചില രീതിയുണ്ട് കേട്ടോ. ഇല ഇടുമ്പോൾ അഗ്രഭാഗം ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണം. കറികളുടെ എണ്ണത്തിലും വിളമ്പുന്ന രീതിയിലും പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലും പൊതുവായി സദ്യ വിളമ്പുന്ന രീതിയുണ്ട്. പണ്ട് രാശിക്രമത്തിൽ ഇത് പറയുമായിരുന്നു. ഇലയുടെ ഇടത് വശത്ത് നിന്നും മീനം – മേടം രാശി മുതൽ വലത്തോട്ട് വിഭവങ്ങൾ വിളമ്പണമെന്നാണ് പറയുക. തൊടുകറികൾ മീനം രാശിയിലും തോരൻ, അവിയൽ, ഓലൻ തുടങ്ങിയവ മേടം രാശിയിലും ഇലയിൽ വിളമ്പണമത്രെ. എന്തായാലും കായനുറുക്ക്, ശർക്കര വരട്ടി എന്നിവ ഇലയുടെ ഇടത്തേ മൂലയിൽ താഴെ വിളമ്പും. തെക്ക് ചിലയിടങ്ങളിൽ കപ്പ വറുത്തതും എള്ളുണ്ടയും അരിയുണ്ടയും ഉണ്ടാകും. ഓണാട്ടുകര ഭാഗങ്ങളിൽ കളിയടയ്ക്കയും ഇതോടൊപ്പം വിളമ്പും. പപ്പടവും ഇവിടെത്തന്നെയാണ് നല്കുക. ഇതോടൊപ്പം ഇടത്തും വലത്തും പഴം വെയ്ക്കുന്നവരും ഉണ്ട്. പഴുത്ത ഞാലിപ്പൂവനാണ് തെക്ക് പ്രിയം. ഇടത്തേമൂലയിൽ മുകളിലായി ഇഞ്ചി പുളിയും അച്ചാറുകളും വിളമ്പും. തുടർന്ന് കിച്ചടി, പച്ചടി, അവിയൽ, തോരൻ, കൂട്ടുകറി, എരിശ്ശേരി, ഓലൻ എന്നിവയും വിളമ്പുന്നു. കാളൻ വലത്തേയറ്റത്താണ് വിളമ്പുക.
കറിയെല്ലാം വിളമ്പിയാൽ പിന്നെ ചോറ് വിളമ്പാം. ഇലയുടെ താഴെത്തെ ഭാഗം മദ്ധ്യത്ത് ആദ്യം ചോറ് വിളമ്പും. ചോറിന്റെ വലത്തെ പകുതിയിൽ പരിപ്പും നെയ്യും വിളമ്പും. പപ്പടം കൂടി പൊടിച്ച് ആദ്യം ഈ ഭാഗമാണ് കഴിക്കുക. അതിനു ശേഷം കറികൾ കൂട്ടി സദ്യ കഴിക്കാൻ സാമ്പാർ വിളമ്പുകയായി. സാമ്പാർ കഴിഞ്ഞാൽ പുളിശ്ശേരി എന്നാണ് പതിവ്. കാളൻ മാത്രമാണെങ്കിൽ ഏറ്റവും അവസാനം അല്പം ചോറുകൂട്ടി കഴിക്കും. സാമ്പാർ കഴിഞ്ഞാൽ വീണ്ടും അല്പം ചോറ്, പിന്നെ മോര്, രസം ഇങ്ങനെയാണ്. ചിലയിടങ്ങളിൽ സാമ്പാർ കഴിഞ്ഞാൽ പ്രഥമൻ നല്കും. പരിപ്പ് കഴിഞ്ഞാൽ കാളനും സാമ്പാറും ഒരുമിച്ച് വിളമ്പുന്ന രീതിയുമുണ്ട്. ചോറ് കഴിഞ്ഞ് പായസം. അടപ്പായസമാണ് ആദ്യം. തെക്കൻ കേരളത്തിൽ അടപ്പായസം പഴമുടച്ചാണ് കഴിക്കുക. അട കഴിഞ്ഞാൽ പാൽപ്പായസമോ സേമിയപ്പായസമോ പാലടയോ ഒക്കെ ആകാം. മധ്യകേരളത്തിൽ സദ്യയ്ക്ക് പാലട പ്രധാനമാണ്. പാൽപ്പായസവും പരിപ്പ് പായസവുമൊക്കെ ക്രമം തെറ്റിയും വരാം. പായസം കഴിഞ്ഞ് മോരും രസവും അല്പം ചോറു വാങ്ങി കഴിക്കുന്ന രീതിയുമുണ്ട്. തെക്കൻ കേരളത്തിൽ, പ്രധാനമായും തിരുവനന്തപുരം ഭാഗത്ത് പാലടയ്ക്കും പാൽപ്പായസത്തിനും സേമിയയ്ക്കും ബോളിയോ കുഞ്ചാലഡുവെന്ന ലഡ്ഡു പൊടിയോ പായസത്തിനൊപ്പം വിളമ്പും. ഇത് ഇപ്പോൾ കേരളത്തിന്റെ മറ്റു 
ഭാഗങ്ങളിലേക്കും വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. ഇലയിൽ അല്പം ഉപ്പും ശർക്കരയും വിളമ്പുന്ന പതിവുമുണ്ട്. മികച്ച രീതിയിൽ വിളമ്പിയാൽ സദ്യയൂണും ഗംഭീരമാകും.

 
                 
                 
                