പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു

Share our post

കോഴിക്കോട്: കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു. നിലവിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു. ഫൊറന്‍സിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. ഷെര്‍ലി വാസു. ആയിരക്കണക്കിന് കേസുകളാണ് ഷെര്‍ലി വാസു ഔദ്യോഗിക കാലയളവില്‍ പരിശോധിച്ചത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ. ഷെര്‍ലി വാസു. ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷെര്‍ലി വാസുവായിരുന്നു.

1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കല്‍ കോളജില്‍ അസി.പ്രഫസര്‍, അസോ.പ്രഫസര്‍ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. 2001ജൂലൈ മുതല്‍ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ സാധിച്ചത്. 2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി. 2017 ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചു. ‘പോസ്റ്റ്മോര്‍ട്ടം ടേബിള്‍’ പ്രധാന കൃതിയാണ്. ഡോ. കെ. ബാലകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍ നന്ദന, നിതിന്‍


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!