എൻഐആർഎഫ് റാങ്കിങ്: കേരളത്തിലെ സർവകലാശാലകൾക്ക് മികച്ച നേട്ടം

തിരുവനന്തപുരം: ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയിൽ തിളക്കമാർന്ന നേട്ടം കൊയ്ത് കേരളത്തിലെ സർവകലാശാലകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) രാജ്യത്തെ മികച്ച 10 പൊതു സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിലാണ്. ആദ്യത്തെ 50-ൽ കേരളത്തിൽ നിന്ന് നാലെണ്ണമുണ്ട്. ഓവറോൾ വിഭാഗത്തിൽ 42-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 25-ാം റാങ്കും സംസ്ഥാന പൊതു സർവകലാശാലകളിൽ അഞ്ചാം സ്ഥാനവും നേടി കേരള സർവകലാശാല മികച്ച പ്രകടനം കാഴ്ചവച്ചു. കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല (കുസാറ്റ്) ഓവറോൾ വിഭാഗത്തിൽ 50-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 32-ാം റാങ്കും സംസ്ഥാന പൊതു സർവകലാശാലകളിൽ ആറാം സ്ഥാനവും നേടി. മഹാത്മാഗാന്ധി സർവകലാശാല (എംജിയു) ഓവറോൾ വിഭാഗത്തിൽ 79-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 43-ാം റാങ്കും സംസ്ഥാന പൊതു സർവകലാശാലകളിൽ 17-ാം റാങ്കും നേടി. കാലിക്കറ്റ് സർവകലാശാല മൊത്തത്തിൽ 151–200 ബാൻഡിലും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 101–150 ബാൻഡിലും സംസ്ഥാന പൊതു സർവകലാശാലകളുടെ പട്ടികയിൽ 38-ാം സ്ഥാനത്തും ഇടം നേടി. കണ്ണൂർ സർവകലാശാല സംസ്ഥാന പൊതു സർവകലാശാലകളുടെ വിഭാഗത്തിൽ 51–100 ബാൻഡിൽ സ്ഥാനം നേടി.
എൻഐആർഎഫിലെ കോളേജുകളുടെ റാങ്കിങിലും കേരളം ശക്തമായ സാന്നിധ്യമായി. ആകെ 74 സ്ഥാപനങ്ങൾ ആദ്യ 300 ൽ ഇടം നേടി. കഴിഞ്ഞ തവണ 16 കോളേജുകളാണ് ആദ്യത്തെ നൂറു സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നത്. അത് ഇത്തവണ 18 ആയി ഉയർന്നു. ഇതിൽ നാലെണ്ണം സർക്കാർ സ്ഥാപനങ്ങളാണ്. മൊത്തത്തിൽ, കേരളത്തിൽ 18 ഗവൺമെന്റ് കോളേജുകളും 56 സ്വകാര്യ കോളേജുകളും മികച്ച 300 ൽ ഇടം നേടിയിട്ടുണ്ട്. കേരളം ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നിലവിലെ പഠന- പരീക്ഷ- മൂല്യനിർണയ രീതികളിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നും, തൊഴിലിനും നൈപുണിക്കും ഗവേഷണത്തിനും മികച്ച പരിഗണന നൽകിയും കേരളം നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാം ഈ നേട്ടം നേടുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധികൾ നിലനിന്നിരുന്ന ഈ കാലഘട്ടത്തിലും മികച്ച നേട്ടം കൈവരിക്കാൻ ആയത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും മന്ത്രി കൂട്ടിചേർത്തു.
വിദ്യാർത്ഥികളുടെ പങ്കാളിത്തം, അധ്യാപക വിദ്യാർത്ഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ, കലാകായിക മേഖലകളിലെ നേട്ടങ്ങൾ, ദേശീയവും അന്തർദേശീയവുമായ ബഹുമതികൾ, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാർത്ഥിസൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങൾ മുതലായവ വിലയിരുത്തിയാണ് എൻഐആർഎഫ് റാങ്കിങ് നിർണയിക്കപ്പെടുന്നത്.