‘എത്രമനോഹരമായ’ റോഡ് പണി

കേളകം : ഒരു വർഷം കൊണ്ട് തീർക്കേണ്ട കൊട്ടിയൂർ സമാന്തര റോഡിന്റെ പ്രവൃത്തി രണ്ടുവർഷമാകാറായിട്ടും പൂർത്തിയായില്ല. 2023 സെപ്റ്റംബർ 14-നാണ് റോഡ്പണി ആരംഭിച്ചത്. പ്രധാൻമന്ത്രി ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന റോഡിന്റെ പ്രവൃത്തി 2024 സെപ്റ്റംബർ 13-നാണ് തീർക്കേണ്ടിയിരുന്നത്.
എന്നാൽ, പ്രവൃത്തി തുടങ്ങി രണ്ടുവർഷം പൂർത്തിയാകാറായിട്ടും പണി ഇനിയും ബാക്കിക്കിടക്കുകയാണ്. വിവിധയിടങ്ങളിലായി റോഡിന്റെ ടാറിങ്, കലുങ്കുകളുടെയും ഓവുചാലുകളുടെയും പണിയാണ് ഇനി പൂർത്തിയാകാനുളളത്. എന്നാൽ, ഇവയുടെ പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്.
സമാന്തര റോഡിൽ പലയിടത്തും അപകട ഭീഷണി
കേളകം പഞ്ചായത്തിലെ കുണ്ടേരി റോഡിൽ പെരുന്താനം ഉന്നതിക്ക് സമീപം റോഡരികിൽ സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. ഇറക്കവും വളവും ഉള്ളയിടത്ത് പോലും സംരക്ഷണഭിത്തി ഇല്ല. വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപെട്ടാൽ പുഴയിലേക്കാകും വീഴുന്നത്.
കൊട്ടിയൂർ പഞ്ചായത്തിലെ ഇംഎംഎസ് റോഡിൽ വഴിയരികിൽനിന്ന് വൈദ്യുതത്തൂണുകൾ ഇതുവരെ മാറ്റിസ്ഥാപിച്ചിട്ടില്ല. വൈദ്യുതത്തൂണുകൾ റോഡരികിൽത്തന്നെ നിലനിർത്തിയാണ് ഇറക്കമുള്ള ഭാഗത്ത് റോഡരിക് കോൺക്രീറ്റ് ചെയ്തത്. വലിയ അപകടസാധ്യത ഉയർത്തി ട്രാൻസ്ഫോർമർ പോലും റോഡരികിൽ തന്നെയാണ്. ഇംഎംഎസ് റോഡിൽ മഴവെളളം ഒഴുകി റോഡരികിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
സമാന്തര റോഡിൽ ടാറിങ് നടത്താത്ത ഭാഗമെല്ലാം പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. ഓടകളുടെ നിർമാണം പൂർത്തിയാക്കാത്തതിനാൽ പലയിടത്തും മഴവെളളം ഒഴുകുന്നതും റോഡിലൂടെ തന്നെയാണ്. സമാന്തര റോഡ് പ്രവൃത്തി നടക്കുന്നതിനിടയിൽ പ്രവൃത്തി അശാസ്ത്രീയമായാണെന്നാരോപിച്ച് വിവിധയിടങ്ങളിൽ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.
കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ കൊട്ടിയൂർ പഞ്ചായത്തിലെ മന്ദംചേരി വരെയാണ് കൊട്ടിയൂർ സമാന്തര റോഡ്. 1,096,391,96 രൂപയാണ് അടങ്കൽത്തുക. അഞ്ചുവർഷത്തെ മെയിന്റനൻസ് തുകയായി 98,675,29 രൂപയും അനുവദിച്ചിരുന്നു.
11.670 കിലോമീറ്ററാണ് വളയംചാൽ മുതൽ മന്ദംചേരി വരെയുള്ള റോഡിന്റെ നീളം. എട്ട് മീറ്ററാണ് റോഡിന്റെ വീതി. എന്നാൽ, 3.75 മീറ്റർ വീതിയിലാണ് റോഡിന്റെ ടാറിങ് നടത്തിയിരിക്കുന്നത്. കൊട്ടിയൂർ ഉത്സവ സമയത്ത് ഉൾപ്പെടെ എറെ പ്രയോജനകരമായ റോഡിന്റെ പ്രവൃത്തി ഇഴയുന്നതിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർക്കുള്ളത്. റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യവും ശക്തമാണ്.