വയനാട് ഫണ്ട് ശേഖരണം: തലശേരിയിലും യൂത്ത് കോൺഗ്രസിൽ തർക്കം

തലശേരി: വയനാട് ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി യൂത്ത് കോൺഗ്രസ് ശേഖരിച്ച ഫണ്ടിനെ ചൊല്ലി തലശേരിയിലും തർക്കം. നാലേകാൽ ലക്ഷം രൂപ സമാഹരിച്ചിട്ടും 75,000 രൂപയേ നൽകിയുള്ളൂവെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഓരോ ബ്ലോക്ക് കമ്മിറ്റിയും രണ്ടരലക്ഷം രൂപ സമാഹരിച്ച് നൽകാനായിരുന്നു നിർദേശം. പിരിച്ച ഫണ്ട് എന്തുചെയ്‌തുവെന്ന ചോദ്യം യൂത്ത് കോൺഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പിലും ചൂടേറിയ തർക്കമായി. കിറ്റ് ചലഞ്ചും സമ്മാന കൂപ്പൺ വഴിയുമാണ് തലശേരിയിൽ പ്രധാനമായും ധനസമാഹരണം നടത്തിയത്. സമ്മാന കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്ക് മുഴുവൻ സമ്മാനം നൽകാത്തതും വിവാദമായി. യൂത്ത് കോൺഗ്രസുകാർ നിർബന്ധിത ഫണ്ട് പിരിവ് നടത്തുന്നതിനെതിരെ കോൺഗ്രസ് അനുഭാവികളായ വ്യാപാരികൾ അടുത്തിടെ കെപിസിസി, ഡിസിസി നേതൃത്വത്തിനും സ്ഥലം എംപിക്കും പരാതി നൽകിയിരുന്നു. ഇതും യൂത്ത് കോൺഗ്രസ് ബ്ലോക്ക് നേതൃത്വത്തിന് ക്ഷീണമായി.