ഓണത്തിന് പപ്പുവാൻ ബേബീസും പലഹാരങ്ങളും

കണ്ണൂർ: ഓണത്തിന് വിപണി കീഴടക്കാൻ കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങളുമായി പപ്പുവാൻ. കരിമ്പിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നമായ സിറപ്പ് ആഗോള ശ്രദ്ധനേടിയതിന് പിന്നാലെയാണ് പപ്പുവാൻ ബേബീസും രംഗത്തിറക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങൾക്കുള്ള കുറുക്കിൽ ഉപയോഗിക്കാൻ പറ്റുന്നതാണ് പപ്പുവാൻ ബേബീസ്. പട്ടുവം പഞ്ചായത്തിലെ പൂമ്പാറ്റ സ്വാശ്രയസംഘമാണ് കരിമ്പ് ഗവേഷണ കേന്ദ്രവുമായി ചേർന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ ‘പപ്പുവാൻ’ ബ്രാൻഡിൽ പുറത്തിറക്കുന്നത്. പഞ്ചസാരയ്‌ക്ക് പകരമായി ഉപയോഗിക്കുന്ന ഉൽപ്പന്നം എട്ടുമാസം പ്രായമുള്ള കുഞ്ഞ് മുതൽ പ്രമേഹ രോഗികൾക്കുൾപ്പെടെ ഉപയോഗിക്കാം. ബ്രൗണീസ് ബേക്കറിയുമായി ചേർന്ന് പപ്പുവാൻ പനേല പൗഡർ ഉപയോഗിച്ച് ലഡ്ഡു, ജിലേബി, മൈസൂർ പാക്ക് എന്നിവയും വിപണിയിലേക്ക് എത്തും. വടകര ആസ്ഥാനമായുള്ള ആയുർവേദ നിർമാണയൂണിറ്റുമായി ചേർന്ന് പപ്പുവാൻ സിറപ്പ് ചേർത്തുള്ള ബ്രഹ്മരസായനവും പുറത്തിറങ്ങി. ജില്ലയിലെ മികച്ച സ്‌റ്റാർട്ടപ്പായ പപ്പുവാൻ പുതിയ ഉൽപ്പന്നങ്ങളുമായി കുതിപ്പിലാണ്. സപ്പോട്ട, റോബസ്‌റ്റ പഴം എന്നിവയിൽനിന്ന് വീര്യം കുറഞ്ഞ വൈൻ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് പപ്പുവാൻ. ബംഗളൂരു ഐഐഎച്ച്‌ആർ ആണ് ഇതിനുള്ള സാങ്കേതികസഹായം നൽകുന്നത്.