സൂപ്പർ ഹിറ്റായി ‘മലബാർ കൊമ്പുച്ച’

തലശേരി: സ്റ്റാർട്ടപ്പുകൾക്കും ഗവേഷണങ്ങൾക്കും വഴികാട്ടുന്ന അധ്യാപികയുടെ ഹെൽത്ത് ഡ്രിങ്കും ട്രെൻഡിങ്ങാകുകയാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ‘മലബാർ കൊമ്പുച്ച’ വിപണിയിലെത്തുമ്പോൾ യുവ സംരംഭകയുടെ വിജയഗാഥകൂടിയായി അതു മാറുകയാണ്. കണ്ണൂർ സർവകലാശാല റിസർച്ച് ഡയറക്ടറും പാലയാട് ക്യാമ്പസ് ബയോടെക്‌നോളജി പ്രൊഫസറുമായ അനു അഗസ്‌റ്റിന്റെ ചിന്തയും പരീക്ഷണവുമാണ് ‘മലബാർ കൊമ്പുച്ച’യായി വികസിച്ചത്. ആമസോൺ, സ്വിഗി ഉൾപ്പെടെയുള്ള ഓൺലൈൻ വിപണന ശൃംഖലയിലും പ്രിയമേറുകയാണ്. പെപ്‌സിക്കും കോളക്കും പകരം ആരോഗ്യകരമായ പാനീയം ഏതെന്ന അന്വേഷണമാണ് ഇതിലേക്കെത്തിയത്. ലാബിലെ പരീക്ഷണം അടുക്കളയും കടന്ന് വിപണിയിലും എത്തി. മുന്തിരി, പൈനാപ്പിൾ, ഫാഷൻഫ്രൂട്ട് തുടങ്ങി വിവിധ ഫ്‌ളേവറുകളിൽ ‘മലബാർ കൊമ്പുച്ച’ വിപണിയിൽ ലഭ്യമാണ്. ശരീരത്തിന് ഹാനികരമാകാത്ത പാനീയമെന്നതാണ് പ്രത്യേകതയെന്ന് ഡോ. അനു അഗസ്‌റ്റിൻ പറയുന്നു. വഴികാട്ടാൻ ടീച്ചറുണ്ട് സിലബസിനപ്പുറത്തേക്ക് ചിന്തയും ആശയങ്ങളും വളരുമ്പോഴാണ് അധ്യാപകർ ശിഷ്യർക്ക് വഴികാട്ടികളാകുക. അങ്ങനെ സമൂഹത്തിന് വഴികാട്ടുന്ന അധ്യാപികയാണ് കണ്ണൂർ സർവകലാശാല റിസർച്ച് ഡയറക്ടറായ കോഴിക്കോട് സ്വദേശി ഡോ. അനു അഗസ്‌റ്റിൻ. ഫാക്കൽറ്റിയിൽനിന്ന് സംരംഭയാകാനുള്ള വഴിയിലാണ് ഈ അധ്യാപിക. കേരള സ്‌റ്റാർട്ടപ്പ് മിഷനിലും കണ്ണൂർ സർവകലാശാല ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ ഫൗണ്ടേഷനിലും മലബാർ കൊമ്പുച്ച രജിസ്‌റ്റർചെയ്‌തു. സർക്കാരിന്റെ അനുമതി ലഭിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങും. എൻഐടിയിലെ ആർക്കിടെക്ടർമാരാണ് ഉൽപ്പന്നത്തിന്റെ കവർ രൂപകൽപ്പനചെയ്‌തത്. ‘മലബാർ കൊമ്പുച്ച’ പേരിൽ ഇൻസ്‌റ്റഗ്രാം പേജുമുണ്ട്. ഇ യുവക്ക് 2.6 കോടി കണ്ണൂർ സർവകലാശാല ഇ യുവ സെന്റർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ കൂടിയാണ് ഡോ. അനു അഗസ്റ്റിൻ. വിദ്യാർഥികളിൽ സംരംഭകത്വം വളർത്താനും സ്‌റ്റാർട്ടപ്പ് പ്രമോഷനുമാണ് ഇ യുവ സെന്റർ ലക്ഷ്യമിടുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഡിബിടി–ബിഐആർഎസി പദ്ധതിയിൽ ഇ യുവ സെന്ററിന് 2.6 കോടി രൂപ ധനസഹായം ലഭിച്ചത് അനു അഗസ്റ്റിന്റെകൂടി ശ്രമഫലമായാണ്. മൂന്നു വർഷത്തെ പ്രൊജക്ടിനാണ് സാമ്പത്തിക സഹായം. കണ്ണൂർ സർവകലാശാല കഴിഞ്ഞ 10 വർഷമായി തുടരുന്ന സംരംഭക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് ഇ യുവ സെന്റർ എന്ന് സർവകലാശാല സംരംഭകത്വ കോ–ഓഡിനേറ്റർ ഡോ. യു ഫൈസൽ പറഞ്ഞു.