പയ്യന്നൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടു ലക്ഷം കവർന്നു

പയ്യന്നൂർ: ബൈക്കിലെത്തിയ മൂന്നംഗ സംഘം പാചകവാതക ഏജൻസി ജീവനക്കാരനെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച് രണ്ടുലക്ഷത്തിലധികം രൂപയുമായി കടന്നു കളഞ്ഞു. പയ്യന്നൂർ സഹകരണ റൂറൽ ബാങ്കിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ചെറുകുന്ന് അന്നപൂർണ്ണേശ്വര ഗ്യാസ് എൻജിസിയിലെ ജീവനക്കാരനായ മഹാദേവ ഗ്രാമത്തിലെ സി.കെ രാമകൃഷ്ണനെ (60) ആക്രമിച്ചാണ് കലക്ഷൻ തുകയായ 2,05,400 രൂപ കവർന്നത്. ടൗണിൽ നിന്നുതന്നെ പിന്തുടർന്ന സംഘം വീട്ടിനടുത്തെത്തിയപ്പോൾ തടഞ്ഞു നിർത്തി വായ പൊത്തിപ്പിടിക്കുകയും തള്ളി താഴെയിടുകയും ചെയ്ത ശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ഇന്ന് രാത്രി ഏഴരക്ക് ശേഷമായിരുന്നു സംഭവം. പയ്യന്നൂരിലെ ഒരു ഹോട്ടലിൽ നിന്ന് ചായ കുടിക്കുമ്പോൾ ഈ സംഘം അവിടെ ഉണ്ടായിരുന്നുവെന്നും ആക്രമിക്കുന്ന സമയം മൂവരും ഹെൽമെറ്റ് ധരിച്ചിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു. രാമകൃഷ്ണനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.