കള്ളും സ്റ്റാറാകും;74 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരും. ‘റസ്റ്ററന്റ് കം ടോഡി പാര്‍ലര്‍’ തുടങ്ങുന്നതിന് കേരള കള്ളുവ്യവസായ വികസന ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരമാണ് നടപടി.സ്വകാര്യപങ്കാളിത്തത്തോടെയാകും തുടങ്ങുക. അടിസ്ഥാനസൗകര്യം ഒരുക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. നിലവിലെ കള്ളുഷാപ്പ് ലൈസന്‍സില്‍നിന്ന് വ്യത്യസ്തമായിരിക്കും. ആധുനികരീതിയിലുള്ള റസ്റ്ററന്റുകളില്‍ ബോട്ടിലില്‍നിറച്ച കള്ളുവിളമ്പാനാണ് തീരുമാനം. നാല്, അഞ്ച് നക്ഷത്രനിലവാരമുള്ള ഹോട്ടലുകള്‍ക്കും പുതിയ സംരംഭകര്‍ക്കും അപേക്ഷിക്കാം.കള്ളുഷാപ്പുകള്‍ക്കുള്ള ദൂരപരിധി നിയമം ബാധകമാകും. ബാറുകള്‍ക്ക് അനുവദിച്ചതുപോലെ ഇതില്‍ ഇളവുനല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പ്രത്യേക കവാടം ഉള്‍പ്പെടെ നിശ്ചിതസ്ഥലം കള്ളുവില്‍പ്പനയ്ക്കായി മാറ്റിവെക്കണം. പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രമേ കള്ള് നല്‍കൂ. ഫാമിലി റസ്റ്ററന്റില്‍നിന്ന് വേറിട്ടുനില്‍ക്കണം. മറ്റുസ്ഥലങ്ങളില്‍ കള്ള് വിളമ്പാന്‍ പാടില്ല. കൂടാതെ, ഇവിടെയെത്തുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കളിസ്ഥലമുണ്ടാകണം. നാളികേര ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും പാര്‍ലറിനുമുന്നില്‍ സൗകര്യമുണ്ടാകും. ബാലരാമപുരം കൈത്തറിപോലെ പ്രദേശത്തിന്റെ തനിമയുള്ള ഉത്പന്നങ്ങളും വില്‍ക്കാം. അഞ്ചുവര്‍ഷത്തേക്കാണ് ലൈസന്‍സ്. ഫീസും കള്ള് വില്‍പ്പനയുടെ എക്സൈസ് ചട്ടങ്ങളും അന്തിമഘട്ടത്തിലാണ്. കള്ള് കൊണ്ടുവരുന്നതിനും വില്‍ക്കുന്നതിനും പെര്‍മിറ്റുണ്ടാകും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക അടുത്തിടെ സര്‍ക്കാര്‍ വിപുലപ്പെടുത്തിയതോടെയാണ് 74 സ്ഥലങ്ങളില്‍ തുടങ്ങാന്‍ സാധ്യതതെളിഞ്ഞത്.