കാലാവധികഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് ആക്രിയാക്കാൻ ഔദ്യോഗിക സംവിധാനം സംസ്ഥാനത്തും തുടങ്ങുന്നു

Share our post

പത്തനംതിട്ട: കാലാവധികഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് ആക്രിയാക്കാൻ ഔദ്യോഗിക സംവിധാനം സംസ്ഥാനത്തും തുടങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സിൽക്ക്) അനുമതി കിട്ടിയത്. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ പൊളിക്കൽ കേന്ദ്രങ്ങളാണ് സിൽക്കിന് കരാർ കിട്ടിയത്. മധ്യമേഖലയിലെ കരാർ കെഎസ്ആർടിസിയെ ഏൽപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതിന്റെ നടപടി ഒന്നുമായിട്ടില്ല.രജിസ്റ്റേർഡ്‌ വെഹിക്കിൾ സ്‌ക്രാപ്പിങ് ഫസിലിറ്റി (ആർവിഎസ്എഫ്) എന്നാണ് പൊളിക്കൽ യൂണിറ്റുകൾ അറിയപ്പെടുന്നത്. വായുമലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. വടക്കൻമേഖലയിലെ കേന്ദ്രം കണ്ണൂർ അഴീക്കലാണ്. തെക്കൻ മേഖലയിലേത് തിരുവനന്തപുരത്തോ ചേർത്തലയിലോ ആയിരിക്കും. ഇക്കാര്യം ഉടൻ തീരുമാനിക്കും. 15 വർഷം കഴിഞ്ഞവാഹനങ്ങൾ ഒഴിവാക്കുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം കൊടുത്തത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാനുള്ള മാർഗരേഖ ഇറക്കിയിരുന്നു. നിശ്ചിത വിസ്തൃതിയിയുള്ള ഭൂമിയും നടത്തിപ്പ് ശേഷിയുമുള്ള ആർക്കും തുടങ്ങാം. ടാറ്റ അടക്കമുള്ള വൻകിട ഗ്രൂപ്പുകൾ മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ സ്വകാര്യ ഏജൻസികൾ വേണ്ട എന്ന നയം സംസ്ഥാന സർക്കാരെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചത്. രാജ്യത്ത് ആദ്യമായി ഈ അനുമതി കിട്ടുന്ന പൊതുമേഖലാ സ്ഥാപനം സിൽക്കാണ്.

വണ്ടിയൊന്നിന് സർക്കാരിന് വരുമാനം 3.26 ശതമാനം കമ്മീഷൻ

ഒരുവാഹനം പൊളിക്കുമ്പോൾ, ആ വാഹനം പൊളിക്കാനായി വാങ്ങിയതിന്റെ 3.26 ശതമാനം തുക സർക്കാരിന് അടയ്ക്കണം. വിവിധ സർക്കാർ വകുപ്പുകളുടെ വാഹനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ പൊളിക്കുക. സംസ്ഥാനത്ത് നിലവിൽ 15 വർഷം കഴിഞ്ഞതിനെ തുടർന്ന് 4072 വാഹനങ്ങൾ കയറ്റിയിട്ടിരിക്കുകയാണ്. 1049 വണ്ടികൾ കയറ്റിയിട്ടിരിക്കുന്ന പോലീസാണ് മുന്നിൽ. ആരോഗ്യവകുപ്പിന്റെ 704 വണ്ടികളുണ്ട്. ഇത്തരം വാഹനങ്ങൾ സിൽക്ക് വാങ്ങും. പണം അതത് വകുപ്പുകൾക്ക് കിട്ടും. സിൽക്കിലെ എൻജിനീയറിങ് വിഭാഗമായിരിക്കും വില നിശ്ചയിക്കുക.

സ്‌ക്രാപ്പേജ് സർട്ടിഫിക്കറ്റ് കൊടുക്കും

വണ്ടികൾ പൊളിച്ചശേഷം സ്‌ക്രാപ്പേജ് സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റുമായി ആർടി ഓഫീസിലെത്തി രജിസ്‌ട്രേഷൻ റദ്ദാക്കാം. പുതിയവണ്ടി വാങ്ങുമ്പോൾ ഉടമയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന സൗകര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. അതിന് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!