പറശ്ശിനി, മാട്ടൂൽ ബോട്ട് സർവീസുകൾ നിർത്തി

മാട്ടൂൽ: വളപട്ടണം, പറശ്ശിനി പുഴകളിൽ ജലനിരപ്പ് വൻതോതിൽ ഉയർന്നതിനെ തുടർന്ന് പറശിനി, മാട്ടൂൽ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസാണ് നിർത്തിയത്. മാട്ടൂൽ- –അഴീക്കൽ ഫെറി ബോട്ട് സർവീസ് നടത്തും. ബോട്ടുജെട്ടികളിൽ വെള്ളം കയറിയതോടെയാണ് സുരക്ഷ മുൻനിർത്തി സർവീസ് നിർത്തിയത്. കഴിഞ്ഞ ദിവസം മുതൽ പുഴകളിൽ വൻതോതിൽ വെള്ളം ഉയരുന്നുണ്ട്. ശക്തമായ ഒഴുക്കുമുണ്ട്. ജലനിരപ്പ് ഉയർന്നാൽ വളപട്ടണം റെയിൽവേ, റോഡ് പാലങ്ങൾക്ക് അടിയിലൂടെ ബോട്ടുകൾക്ക് കടന്നുപോകാൻ സാധിക്കില്ല. സ്വകാര്യമേഖലയിലെ ചില വിനോദ സഞ്ചാര ബോട്ടുകളും ഹൗസ് ബോട്ടുകളും(പുരവഞ്ചി) ഓട്ടം നിർത്തിയിട്ടുണ്ട്. പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ് റസ്റ്റോറന്റും താൽക്കാലികമായി അടച്ചു. ജലനിരപ്പ് താഴ്ന്നാൽ സർവീസ് പുനരാരംഭിക്കും.