വി.എസിന്റെ വിയോഗം: സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധി

Share our post

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. നെഗോഷ്യബില്‍ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരം ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. മൂന്നു ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് വിഎസിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയായി ദേശീയപാത വഴി ആലപ്പുഴ പുന്നപ്രയിലെ സ്വവസതിയില്‍ എത്തിക്കുക.

ഇന്ന് ഉച്ചയ്ക്ക് 3.20നാണ് വിഎസിൻ്റെ അന്ത്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ 23നാണ് വിഎസിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെൻ്റിലേറ്ററില്‍ പ്രവേശിപ്പിച്ച വിഎസ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം വിഎസിൻറെ നിലയില്‍ നേരിയ പുരോഗതിയുണ്ടായി. വീണ്ടുമൊരു ഹൃദയാഘാതം ഉണ്ടായെങ്കിലും വിഎസ് അത്ഭുതകരമായ തിരിച്ചുവരികയായിരുന്നു.

മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയ വിഎസിൻ്റെ രക്തസമ്മര്‍ദവും ഏതാണ്ട് സാധാരണഗതിയില്‍ ആയിരുന്നു. പിന്നീട് ദിവസങ്ങളോളം ഒരേ നിലയില്‍ തന്നെ വിഎസിന്‍റെ ആരോഗ്യനില തുടരുകയായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ രക്തസമ്മര്‍ദം പെട്ടന്ന് താഴുകായായിരുന്നു. മരുന്നുകളോടും വിഎസ് പ്രതികരിച്ചില്ല. വിദഗ്‌ധ ഡോക്ടര്‍മാരുടെ സംഘം അവസാനമായും പരിശ്രമിച്ചെങ്കിലും പ്രായാധിക്യം മൂലം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും തകരാറിലായതോടെ ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, വിഎസിൻ്റെ മൃതദേഹം അല്‍പ സമയത്തിനകം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് രാത്രി എട്ട് മണിയോടെ വീട്ടിലെത്തിക്കും. ഇന്ന് രാത്രി മുതൽ വിഎസിൻ്റെ വീട്ടിൽ പൊതു ദർശനം ഉണ്ടാവും. നാളെ രാവിലെ 9 മണി മുതൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് കൊണ്ടു പോകും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാകമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം തുടര്‍ന്ന് സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!