എന്താണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ച പുതിയ ‘യാത്രാ സിം’? ഉപയോഗമെന്ത് ? – വിശദമായറിയാം
പുതിയ യാത്രാ സിം കാര്‍ഡ് അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. 196 രൂപ വിലയുള്ള ഈ യാത്രാ സിം ഈ വര്‍ഷം അമര്‍നാഥ് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്. തടസമില്ലാത്ത കവറേജാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍.
ഈ വര്‍ഷം അമര്‍നാഥ് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിടുന്ന ബിഎസ്എന്‍എല്‍, തീര്‍ത്ഥാടകര്‍ക്ക് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ ശക്തമായ കവറേജ് വാഗ്ദാനം ചെയ്യുകയാണ് ഇതുവഴി.
യാത്രാ സിം കാർഡിൽ ലഭിക്കുന്ന ആനുകൂല്യങ്ങള്‍
196 രൂപയാണ് ബിഎസ്എന്‍എല്‍ യാത്രാ സിം കാര്‍ഡിന്. 15 ദിവസം വാലിഡിറ്റിയിലാണ് ഇത് ലഭിക്കുക. അമര്‍നാഥ് യാത്രയിലൂടനീളം തടസമില്ലാത്ത നെറ്റ് വര്‍ക്കാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ലഖന്‍പുര്‍, ഭഗ്‌വതി നഗര്‍, ചന്ദര്‍കോട്ട്, പഹല്‍ഗാം, ബാല്‍ട്ടല്‍ ഉള്‍പ്പടെ വിവിധയിടങ്ങളിലായുള്ള ബിഎസ്എന്‍എല്‍ കേന്ദ്രങ്ങളില്‍ നിന്ന് സിം കാര്‍ഡ് വാങ്ങാം. സിം കാര്‍ഡില്‍ മറ്റെന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമാണെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടില്ല.
അമര്‍നാഥിലേക്കുള്ള സഞ്ചാര പാതയില്‍ എയര്‍ടെല്‍, ജിയോ, വി പോലുള്ള സേവനങ്ങള്‍ക്ക് കണക്ടിവിറ്റി കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സാധ്യത തിരിച്ചറിഞ്ഞാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പ്രത്യേകം കണക്ഷന്‍ ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.38 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടനകാലം ജൂലായ് മൂന്നിനാണ് ആരംഭിച്ചത്. ശിവഭക്തരായ ലക്ഷക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും തീര്‍ത്ഥാടനത്തിനെത്താറ്.
