പഞ്ചഗുസ്‌തിയിൽ ഇരട്ടമെഡൽ നേടി സഹോദരിമാർ

തലശേരി: പഞ്ചഗുസ്‌തിയിൽ വെന്നിക്കൊടിപാറിച്ച് സഹോദരിമാർ. കൈക്കരുത്തിനാൽ ഇവർ നേടിയെടുത്തത് രണ്ട് സ്വർണവും രണ്ട് വെങ്കലവുമടക്കം നാല് മെഡലുകൾ. തൃശൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിലാണ് വടക്കുമ്പാട് സ്വദേശിനി കെ റിയയും ഇളയസഹോദരി കെ ഗോപികയും സ്വർണ മെഡലുകൾ നേടിയത്. റിയ വനിതാവിഭാഗം 50 കിലോ ലെഫ്റ്റ് ഹാൻഡിൽ സ്വർണവും റൈറ്റ് ഹാൻഡിൽ വെങ്കലവും നേടിയപ്പോൾ ഗോപിക 60 കിലോ യൂത്ത് ഗേൾ വിഭാഗത്തിൽ ലെഫ്‌റ്റ് ഹാൻഡിൽ സ്വർണവും വനിതാ വിഭാഗം റൈറ്റ് ഹാൻഡിൽ വെങ്കലവും നേടി . കോഴിക്കോട് കുന്നത്ത്പാലം ആം ഫൈറ്റേഴ്സ് സ്റ്റുഡിയോയിൽനിന്ന് വി ടി ഷൗക്കത്തിന്റെ ശിക്ഷണത്തിലാണ് മൂന്നുമാസം പരിശീലനം പൂർത്തിയാക്കിയത്. റിയ രണ്ടാം തവണയാണ് ദേശീയ––സംസ്ഥാന മത്സരങ്ങളിൽ മെഡൽ നേടിയത്. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ 50 കിലോ ലെഫ്റ്റ് ഹാൻഡിൽ വെങ്കല മെഡൽ നേടിയിരുന്നു. യുട്യൂബിൽ നോക്കി പഠിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. സഹോദരി ഗോപിക ആദ്യ അങ്കത്തിൽതന്നെ സ്വർണ മെഡൽ നേടി. ചെറുപ്പത്തിലെ രണ്ടുപേർക്കും പഞ്ചഗുസ്തിയിൽ താൽപര്യമുണ്ടായിരുന്നെങ്കിലും മത്സര ഇനമാണെന്ന് അറിഞ്ഞത് രണ്ടുവർഷം മുമ്പായിരുന്നു. തുടർന്ന് അസോസിയേഷന്റെ സഹായത്തോടെയാണ് മത്സരരംഗത്തെത്തുന്നത്. അടുത്തഘട്ടമായ അന്താരാഷ്‌ട്ര ചാമ്പ്യൻഷിപ്പ് വിദേശത്താവാനാണ് സാധ്യത. യോഗ്യത നേടിയെങ്കിലും രണ്ടുപേർക്കും പോകാനുള്ള സാമ്പത്തികസ്ഥിതിയില്ലെന്നാണ് പറയുന്നത്. വടക്കുമ്പാട് ആരാമത്തിൽ സുഷീൽകുമാറിന്റെയും കെ രജീനയുടെയും മക്കളാണ്.