പുതിയ രൂപം പുതിയ ഭാവം; ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി-ക്ക് പുതിയ ബസുകള്‍

ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്ത് ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്.ടാറ്റയുടെ രണ്ട് ബസുകളാണ് കഴിഞ്ഞദിവസം കെഎസ്ആര്‍ടിസിക്ക് കൈമാറിയത്. ഇതില്‍ ഒന്ന് സൂപ്പര്‍ ഫാസ്റ്റും മറ്റൊന്ന് ഫാസ്റ്റ് പാസഞ്ചറുമാണ്. ശേഷിക്കുന്നവ ജൂലായില്‍ എത്തും. ടാറ്റയില്‍ നിന്ന് വാങ്ങുന്ന 80 ബസുകളില്‍ സൂപ്പര്‍ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറുകളുമാണുള്ളത്.
ബസ് വാങ്ങാന്‍ 107 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചത്. ഇതില്‍ ആദ്യഘട്ടമായി 63 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം 143 ബസുകളാണ് വാങ്ങുന്നത്. ഇതില്‍ 106 എണ്ണം സ്വിഫ്റ്റിന് നല്‍കും. അശോക് ലൈലന്‍ഡ്, ഐഷര്‍ കമ്പനികളില്‍നിന്നും ബസുകള്‍ വാങ്ങുന്നുണ്ട്.
നല്‍കിയത് 6401 കോടി, ബസ്സുകള്‍ വാങ്ങിയത് 150 കോടിക്ക്
രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6401 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കിയെങ്കിലും 150 കോടി രൂപമാത്രമാണ് ബസ് വാങ്ങാന്‍ ഉപയോഗപ്പെടുത്തിയത്. എല്ലാമാസവും 130 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറുന്നുണ്ട്. സ്വിഫ്റ്റിനുള്ള 434 ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായധനത്തിന് പുറമേ സ്മാര്‍ട്ട് സിറ്റി ഫണ്ടും വിനിയോഗിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇ-ബസുകള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കെഎസ്ആര്‍ടിസി താത്പര്യം കാണിച്ചില്ല. പുതിയ ബസുകള്‍ ഇല്ലാത്തതിനാല്‍ പത്തുവര്‍ഷം പഴക്കമുള്ള ബസുകള്‍വരെ ഉപയോഗിക്കുന്നുണ്ട്. 15 വര്‍ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് കേന്ദ്രം രജിസ്ട്രേഷന്‍ റദ്ദാക്കിയ 1194 ബസുകളും കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നുണ്ട്. പകുതി ബസുകളുടെ കാലാവധി അടുത്ത 11 മാസത്തിനുള്ളില്‍ കഴിയും.