വൈശാഖോത്സവത്തിനെത്തി ബാവലി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ഭക്തരുടെ ആശ്രിതർക്ക് ധനസഹായം നൽകി

കൊട്ടിയൂർ: വൈശാഖോത്സവത്തിനെത്തി ബാവലി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ഭക്തരുടെ ആശ്രിതർക്ക് കൊട്ടിയൂർ ദേവസ്വം ധനസഹായം നൽകി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്ത്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്. അക്കരെ കൊട്ടിയൂർ സന്നിധാനത്ത് ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ റവന്യൂ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി രാജമാണിക്യം ഐ.എ.എസ്, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ബിജു ഐ.എ.എസ് എന്നിവർ ധനസഹായം കൈമാറി. രണ്ട് ലക്ഷം രൂപ വീതമാണ് ആശ്രിതർക്ക് കൈമാറിയത്.
മലബാർ ദേവസ്വം കമീഷണർ ടി. സി.ബിജു അധ്യക്ഷനായി. ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ,മലബാർ ദേവസ്വം ബോർഡ് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ മധുസൂദനൻ, കെ. ജനാർദനൻ, ബോർഡ് അംഗം രാമചന്ദ്രൻ, ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, എൻ. പ്രശാന്ത്, സി. ചന്ദ്രശേഖരൻ, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി. കമ്മീഷണർ ബൈജു എൻ കെ, എക്സികുട്ടീവ് ഓഫീസർ കെ. ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.. ഉൽസവ നഗരിയിൽ ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ള ഇൻഷൂറൻസ് തുകയും കുടുബാഗങ്ങൾക്ക് നൽകുമെന്ന് ദേവസ്വം അറിയിച്ചു. കൊട്ടിയൂർ ഉൽസവത്തിനിടെ ഗതാഗത കുരിക്കിൽ അകപ്പെട്ട ആംബുലൻസിൽ വച്ച് മരണപ്പെട്ട കുട്ടിക്കും ധനസഹായം നൽകാൻ ദേവസ്വം തീരുമാനിച്ചു.