പേരാവൂരിൽ നെൽവയൽ നികത്തൽ വ്യാപകം; പാടശേഖരത്തിലുൾപ്പെട്ട വയലും മണ്ണിട്ട് നികത്തുന്നു

പേരാവൂർ : പഞ്ചായത്തിലെ മണത്തണ, വെള്ളർവള്ളി വില്ലേജുകളിൽ നെൽവയൽ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. 2008-ലെ നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമത്തെ കാറ്റിൽപ്പറത്തിയാണ് ഏക്കർകണക്കിന് കൃഷിഭൂമി പട്ടാപ്പകൽ മണ്ണിട്ടുനികത്തുന്നത്. മണത്തണ വില്ലേജിലെ പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിലും വെള്ളർവള്ളി വില്ലേജിലെ തൊണ്ടിയിൽ, കല്ലടി, തിരുവോണപ്പുറം പ്രദേശങ്ങളിലുമാണ് വ്യാപകമായി ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്.
റോഡരികുകളിൽ കൊണ്ടിടുന്ന മണ്ണ് പിന്നീട് വയലുകളിലേക്ക് നീക്കിയാണ് ഘട്ടം ഘട്ടമായി കൃഷിഭൂമി നികത്തുന്നത്. കല്ലടി വാർഡിൽ പാടശേഖരത്തിലുൾപ്പെട്ട ഭൂമിയിലും വിവിധയിടങ്ങിലായി മണ്ണിട്ട നിലയിലാണ്. അവധി ദിവസങ്ങളിലാണ്ടിപ്പർ ലോറിയിൽ മണ്ണെത്തിക്കുന്നത്.സംരക്ഷിത നെൽവയൽ ഡാറ്റാബാങ്കിലുൾപ്പെട്ടതാണ് കല്ലടിയിലെ 31/1 റി.സർവേയിൽ ഉൾപ്പെട്ട ഈ വയലുകൾ. ഇവ ഭാഗികമായി ഇപ്പോൾ നികത്തിക്കഴിഞ്ഞു. മുരിങ്ങോടിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സമീപത്തെ വയലുകളിൽ മണ്ണ് സംഭരിച്ചത്. ഇവ പിന്നീട് നീക്കം ചെയ്യാതെ പൂർണ്ണമായും മണ്ണിട്ട് നികത്തുകയായിരുന്നു. പേരാവൂർ പഞ്ചായത്തോ കൃഷിവകുപ്പോ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
നെൽവയലുകൾ അപ്രത്യക്ഷമാവുന്നു
2008-ൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും ഡാറ്റാ ബാങ്കിലുൾപ്പെട്ട നിരവധി വയലുകളാണ് പേരാവൂർ മേഖലയിൽ മാത്രം നികത്തിയത്. നികത്തിയ വയലുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ പേരാവൂർ കൃഷിഭവനിൽ നല്കിയ വിവരാവകാശ അപേക്ഷക്ക് അപൂർണമായ മറുപടിയാണ് ലഭിച്ചതും. കല്ലടി പാടശേഖരത്തിലെ വയലുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ മണത്തണ വില്ലേജ് കമ്മറ്റി റവന്യു, കൃഷി അധികൃതർക്ക് മുൻപ് പരാതി നൽകുകയും അധികൃതരെത്തി മണ്ണിടുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ ഇട്ട മണ്ണ് എടുത്തുമാറ്റി കൃഷി സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം അധികൃതർ സ്വീകരിച്ചിരുന്നില്ല. സമാനമായാണ് മുരിങ്ങോടിയിലും സംഭവിച്ചത്. വയലുകളിൽ ഇട്ട മണ്ണ് എടുത്തുമാറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തതിനാലാണ് വീണ്ടും വീണ്ടും വയലുകൾ നികത്താൻ ഉടമകൾക്ക് പ്രചോദനമാവുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ നോക്കിയാണ് നിയമലംഘനം നടത്തുന്നത്. കൃഷി ഓഫീസർ കൺവീനറായിട്ടുള്ള പ്രാദേശിക നിരീക്ഷണ സമിതിയുണ്ടെങ്കിലും പേരിന് മാത്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നടപടിക്ക് നിർദ്ദേശം
നെൽ വയലുകൾ മണ്ണിട്ട് നികത്തിയ സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വെള്ളർവള്ളി വില്ലേജ് ഓഫീസർ എൻ.രാജീവൻ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വയൽ നികത്തുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പേരാവൂർ കൃഷി ഓഫീസറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.