മാടായി കോളജിന് നാക് എ ഗ്രേഡ്; പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കും അംഗീകാരം

പഴയങ്ങാടി: ദേശീയ കോളജ് ഗുണ പരിശോധന കമ്മിറ്റി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയിൽ മാടായി കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിന് എ ഗ്രേഡ്.നാക് അക്രഡിറ്റേഷന്റെ രണ്ടാം തലത്തിലാണ് കോളജ് ഈ നേട്ടം കൈവരിക്കുന്നത്. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവർത്തനങ്ങളിലുണ്ടായ മുന്നേറ്റം, അത്യാധുനിക സെമിനാർ ഹാൾ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ, കായിക ഇനങ്ങളിലെ ദേശീയ, സംസ്ഥാന തലങ്ങളിലെ മികച്ച അംഗീകാരങ്ങൾ, ക്യാംപസ് സൗഹൃദ ഇടങ്ങൾ എന്നിവ മൂല്യനിർണയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 6 ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് കോളജിലുള്ളത്.ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ സ്ഥിതി ചെയ്യുന്ന കോളജിന്റെ പാരിസ്ഥിതിക സൗഹാർദപരമായ പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യപാഠ്യേതര മികവുകൾ എന്നിവയ്ക്ക് സംഘത്തിന്റെ പ്രത്യേക പരാമർശം ഉണ്ടായതായി കോളജ് ഭരണസമിതി പ്രസിഡന്റ് എം.കെ.രാഘവൻ എംപി, പ്രിൻസിപ്പൽ എം.വി.ജോണി, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. കെ.രാജശ്രീ.എന്നിവർ അറിയിച്ചു.