ലേഡി ഡ്രോൺ പൈലറ്റ് @ 61

ചക്കരക്കൽ:പരന്നുകിടക്കുന്ന കൃഷിത്തോട്ടങ്ങൾക്കുമേൽ വളപ്രയോഗത്തിനും ജൈവ കീടനാശിനി പ്രയോഗത്തിനും ഡ്രോൺ ഉപയോഗിക്കുന്നത് ഒരു സാധാരണ കാഴ്‌ചയാണിന്ന്. എന്നാൽ ഡ്രോൺ പറത്തുന്നത് അറുപത്തിയൊന്നുകാരിയാകുമ്പോൾ അത് അസാധാരണമാകും. തലമുണ്ട ജനശക്തി റോഡിലെ വത്സാലയത്തിൽ എം.സി ഗീതയാണ് ഡ്രോൺ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ വനിത. മുണ്ടേരി സി.ഡി.എസിന് കീഴിൽ കുടുംബശ്രീ മുഖേനയാണ് മികച്ച നെൽ കർഷകയായ ഗീത ഡ്രോൺ പൈലറ്റ് ലൈസൻസിനായി അപേക്ഷിച്ചത്. പ്രാഥമിക പരിശോധനകൾക്കുശേഷം എഫ്എ.സി.ടി പരിശീലനത്തിന് യോഗ്യത നേടി. തുടർന്ന് ചെന്നൈ ഗരുഡ എയർ സ്പേസിൽ രണ്ടാഴ്ചത്തെ പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടി. ആഴ്ചകൾക്കുള്ളിൽത്തന്നെ കുടുംബശ്രീ മുഖേന 10 ലക്ഷം രൂപ വിലവരുന്ന ഡ്രോണും ലഭിച്ചു. കൃഷിഭവൻ മുഖേനയാണ് ഓർഡറുകൾ ലഭിക്കുന്നത്. ഒരേക്കർ നെൽപ്പാടത്ത് ജൈവ കീടനാശിനി തളിക്കാൻ 10 മിനിറ്റ് മതി. 800 രൂപയാണ് ഫീസ്. മലയോര മേഖലയിൽനിന്നും ഓർഡറുകൾ ലഭിക്കുന്നു. പ്രോത്സാഹനവുമായി ഭർത്താവ് വത്സലനും മകൻ വിജിത്തും ഒപ്പമുണ്ട്.