ഫയലുകൾ തീര്‍പ്പാക്കിയില്ല, അച്ചടക്കനടപടി നേരിടേണ്ടവർ വിരമിച്ചുപോയി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്കനടപടിയുടെ ഫയലുകൾ പിടിച്ചുവെച്ച സംഭവത്തിൽ കളക്ടറേറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.സീക്രട്ട് വിഭാഗത്തിലെ ക്ളാർക്കുമാരായിരുന്ന പി.പി. രജിലേഷ്, പി. ജസി എന്നിവരെയാണ് റവന്യുവകുപ്പ് സസ്പെൻഡുചെയ്തത്. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും അയച്ചുകൊടുക്കുന്ന ഫയലുകളിൽ കളക്ടറേറ്റിലെ സീക്രട്ട് സെക്‌ഷൻ ഒരു തുടർനപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. അതുകൊണ്ട് അച്ചടക്കനടപടിക്ക് ശുപാർശചെയ്യപ്പെട്ടവർ വിരമിച്ചുപോയതായും പറയുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിന്റെ പരിശോധനയിലാണ് ഗുരുതരവീഴ്ച കണ്ടെത്തിയത്. ഓഫീസ് വളപ്പിലെ ചന്ദനമരം അനധികൃതമായി മുറിച്ച കേസിലെ വില്ലേജ് ഓഫീസർ സദാശിവനെതിരായ അന്വേഷണറിപ്പോർട്ട് ഫയലിൽ ചേർത്ത് സമർപ്പിക്കുകയോ വനംവകുപ്പിനെ അറിയിച്ച് കേസ് രജിസ്റ്റർചെയ്യുകയോ ചെയ്യാതെ വീഴ്ചവരുത്തിയെന്നാണ് രജിലേഷിനെതിരേയുള്ള ഒരു കണ്ടെത്തൽ.2023-ൽ സ്ഥലംമാറിപ്പോവുമ്പോൾ പെൻഡിങ് ഫയലുകളുടെ പട്ടിക, രജിസ്റ്റർ എന്നിവ പുതിയക്ലാർക്കിന് കൈമാറിയില്ല.2017 മുതൽ 2023 വരെയുള്ള 617 ഫയലുകളാണ് തീർപ്പാക്കാതെ സെക്‌ഷനിൽ കെട്ടിക്കിടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലമാണ് നടപടിക്ക് കാരണം. ജസി നിലവിൽ ചെലവൂർ വില്ലേജ് ഓഫീസറും രജിലേഷ് കോഴിക്കോട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്കുമാണ്.