Kerala
പാസ്‌പോര്‍ട്ട് കിട്ടുന്നതെങ്ങനെ, എങ്ങനെ അപേക്ഷിക്കാം, എന്തൊക്കെ രേഖകള്‍ അറിയേണ്ടതെല്ലാം

വിദേശകാര്യ മന്ത്രാലയമാണ് നമ്മുടെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തു നല്‍കുന്നത് പാസ്പോര്‍ട്ട് ആക്ട് (1967) പ്രകാരമുള്ള പ്രധാന രേഖയാണിത്. പാസ്‌പോര്‍ട്ട് ഒരേ സമയം നമ്മുടെ പൗരന്മാരെ വിദേശ യാത്ര ചെയ്യാന്‍ സഹായിക്കുകയും വിദേശത്ത് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖയായി വര്‍ത്തിക്കുകയും ചെയ്യുന്നു.എങ്ങനെ പാസ്പോര്‍ട്ട് കിട്ടും?
പാസ്പോര്‍ട്ട് സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 93 പാസ്പോര്‍ട്ട് ഇഷ്യൂയിംഗ് ഓഫീസുകളും ലോകമെമ്പാടുമുള്ള 197 നയതന്ത്ര കാര്യാലയങ്ങളും വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (PSK) വഴിയും സെന്‍ട്രല്‍ പാസ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (CPO) വഴിയും പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നു.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് എങ്ങനെ?
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാമറിയേണ്ട പ്രധാന വിവരങ്ങള്‍ ഇവയാണ്:
ഔദ്യോഗിക വെബ്‌സൈറ്റ്: www.passportindia.gov.in
മൊബൈല്‍ ആപ്പ്: Android, iOS എന്നിവയില്‍ ലഭ്യമാണ്.
കസ്റ്റമര്‍ കെയര്‍ നമ്പര്‍: 1800-258-1800
കോണ്‍സുലര്‍ സര്‍വീസസ് വിലാസം: Shri Amit Narang, Joint Secretary (CPV), CPV Division, Ministry of External Affairs, Room No. 20, Patiala House Annexe, Tilak Marg, New Delhi – 110001.
ഫാക്‌സ്: +91-11-23782821
ഇമെയില്‍: jscpv@mea.gov.in
പാസ്‌പോര്‍ട്ടുകള്‍ എത്ര വിധത്തിലാണ്?
സാധാരണ പാസ്പോര്‍ട്ട് (നീല കവര്‍): വ്യക്തിഗത യാത്ര, ബിസിനസ്സ് അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി സാധാരണ പൗരന്മാര്‍ക്ക് നല്‍കുന്നത്.
ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് (മെറൂണ്‍ കവര്‍): ഔദ്യോഗിക യാത്രകള്‍ക്കായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നത്.
ഔദ്യോഗിക പാസ്പോര്‍ട്ട് (വെള്ള കവര്‍): ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.
പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍ എന്തൊക്കെ?
1. അഡ്രസ് പ്രൂഫ് (താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):
ബാങ്ക് പാസ്ബുക്ക് (ഫോട്ടോ പതിച്ചത്)
ലാന്‍ഡ്ലൈന്‍ അല്ലെങ്കില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ബില്‍
വാടക കരാര്‍
വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ അല്ലെങ്കില്‍ ഗ്യാസ് ബില്‍
വോട്ടര്‍ ഐഡി കാര്‍ഡ്
ആധാര്‍ കാര്‍ഡ്
ആദായ നികുതി വിലയിരുത്തല്‍ ഉത്തരവ്
തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ ലെറ്റര്‍ഹെഡില്‍)
ഭാര്യ/ഭര്‍തൃ ബന്ധം തെളിയിക്കാന്‍ പങ്കാളിയുടെ പാസ്പോര്‍ട്ട് കോപ്പി (വിവാഹിതര്‍ക്ക്)
2. ജനനത്തീയതി തെളിയിക്കുന്ന രേഖ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):
ആധാര്‍/ഇ-ആധാര്‍
പാന്‍ കാര്‍ഡ്
വോട്ടര്‍ ഐഡി
ഡ്രൈവിംഗ് ലൈസന്‍സ്
ജനന സര്‍ട്ടിഫിക്കറ്റ്
സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി രേഖ
പെന്‍ഷന്‍ ഓര്‍ഡര്‍ (ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക്)
ആര്‍ക്കൊക്കെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം?
18 വയസ്സും അതില്‍ കൂടുതലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പാസ്പോര്‍ട്ടുകള്‍ 5 വര്‍ഷത്തേക്കോ അല്ലെങ്കില്‍ 18 വയസ്സ് തികയുന്നത് വരെയോ-ഇവയില്‍ ഏതാണോ ആദ്യം വരുന്നത് അത് പരിഗണിക്കും.
അപേക്ഷ നല്‍കിയാല്‍ എപ്പോള്‍ പാസ്‌പോര്‍ട്ട് കിട്ടും?
സാധാരണ പാസ്പോര്‍ട്ട്: 30-45 ദിവസം.
തത്കാല്‍ പാസ്പോര്‍ട്ട്: 7-14 ദിവസം.
പതിവുസംശയങ്ങള്‍
അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ അറിയാം?
പാസ്പോര്‍ട്ട് സേവ സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് ‘Track Application Status’ എന്ന ഫീച്ചര്‍ ഉപയോഗിക്കുക.
വിദേശത്ത് നിന്ന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുമോ?
കഴിയും, ഇന്ത്യന്‍ മിഷനുകളും കോണ്‍സുലേറ്റുകളും ഈ സേവനം നല്‍കുന്നു.
എന്താണ് പാസ്പോര്‍ട്ട് സേവാ പ്രോജക്റ്റ്?
ഈ സംരംഭം കോള്‍ സെന്ററുകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പ്രാദേശിക ഓഫീസുകള്‍ എന്നിവ വഴി കാര്യക്ഷമമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ രാജ്യവ്യാപകമായി ഉറപ്പാക്കുന്നു, സൗകര്യവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നു.
Kerala
സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ; 1,60,000 അധ്യാപകർ പരിശീലകരാകും

തിരുവനന്തപുരം: വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്‌കൂളുകളിൽ സൂംബ ഡാൻസ് ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭഗമായാണ് സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്. അടുത്തദിവസം പാഠപുസ്‌തകം കുട്ടികളുടെ കൈകളിലെത്തും.
നൃത്തവും ഫിറ്റ്‌നസ് വർക്കൗട്ടും ഒരുമിക്കുന്ന സൂംബ ഡാൻസ് ‘ജനപ്രിയ നൃത്തങ്ങൾ’ എന്ന പാഠഭാഗത്തിലാണ് ചിത്രം സഹിതം പഠിപ്പിക്കുന്നത്. അതിന്റെ ഉത്‌ഭവവും മറ്റ് വിവരങ്ങളുമുണ്ട്. ബ്രേക്ക് ഡാൻസിനെകുറിച്ചും ഈ പാഠഭാഗത്ത് പഠിപ്പിക്കുന്നുണ്ട്. ഡ്രംബീറ്റുകൾക്കൊപ്പം സൂംബാ ഡൻസ് ചെയ്യാനും പരിശീലിപ്പിക്കുന്നുണ്ട്. ലഹിരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും അവ ചെയ്യാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും അദ്ദേഹം നിർദേശം നൽകിയത്.
സംസ്ഥാനത്തെ യുപി മുതൽ എച്ച്‌എസ് വരെയുള്ള മുഴുവൻ അധ്യാപകർക്കും സൂംബ ഡാൻസ് പരിശീലിപ്പിക്കുമെന്ന് എസ്‌സിഇർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. അതോടെ 1,60,000 അധ്യാപകർ സൂംബ പരിശീലകരാകും. നിലവിൽ നടക്കുന്ന അധ്യാപക പരിശീലത്തിന്റെ ഭാഗമായാണ് ഇവയും പഠിപ്പിക്കുന്നത്. ഇതിനായി മുഴുവൻ ആർപിമാർക്കും പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കിടയിൽ ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് എസ്‌സിഇആർടി റിസർച്ച് ഓഫീസർ കെ സതീഷ്‌കുമാർ പറഞ്ഞു.സ്‌കൂൾ തുറന്നാലുടൻ മുഴവൻ വിദ്യാർഥികളെയും സൂംബ ഡാൻസ് ചെയ്യിപ്പിക്കും. കുറഞ്ഞ കുട്ടികളുള്ള സ്‌കൂളുകളിൽ അസംബ്ലിയുടെ ഭാഗമായി ഇവ ചെയ്യാനാകും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇവ എങ്ങനെ വേണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Kerala
വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നൽകി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. പ്രരംഭപ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്. കിഫ്കോൺ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.
കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമിക്കുന്നത്. ഇതിനായി മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലയിട്ടത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ടൗൺഷിപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്‌തീർമുള്ള വീടാണ് നിർമിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ഉൾപ്പെടെയാണ് ടൗൺഷിപ്പ് നിർമിക്കുന്നത്.
എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച കലക്ടറുടെ നടപടി സാധൂകരിച്ചു.മെയ് 12ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു.
20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും
വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎൽസിസിഎസ്) മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും.
മാതൃകാ വീടൊരുങ്ങുന്നു
മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. തറയുടെയും കോൺക്രീറ്റ് തൂണിന്റെയും നിർമാണം പൂർത്തിയായി. പതിനഞ്ചിനകം കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.
ഏപ്രിൽ 16ന് ആരംഭിച്ച പ്രവൃത്തി 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. വീടിന്റെ ഗുണമേന്മ പരിശോധിക്കാൻ അവസരം ഒരുക്കുന്നതിനാണിത്. മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും ആരംഭിച്ചു. അഞ്ച് സോണുകളായാണ് നിർമാണം. ആദ്യസോണിൽ മാതൃകാ വീട് ഉൾപ്പെടെ 99 വീടാണുണ്ടാകുക. നാനൂറ്റി അമ്പതിലധികം വീടുകൾ ഒരുക്കാനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയിലുണ്ട്.
ആദ്യ സോണിലെ മുഴുവൻ വീടുകൾക്കും നിലമൊരുക്കി. ഒരുവീടിന് ഏഴ്‌സെന്റ് വീതമെന്ന നിലയിലാണ് ഭൂമി ക്രമീകരിച്ചത്. ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ ഫാക്‌ടറിയിലും അനുബന്ധ കെട്ടിടങ്ങളിലും തൊഴിലാളികളെ താമസിപ്പിച്ച് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണ് പ്രവൃത്തി. റോഡും വീടും യാഥാർഥ്യമായശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക് കടക്കും. മുഴുവൻ വീടുകളും നവംബറിനുള്ളിൽ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ശ്രമം.
Kerala
കേരളത്തിൽ വീണ്ടും കോളറ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തിൽ കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗബാധിതനായ രഘു പി ജി എന്ന 48- കാരൻ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽകോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിലിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസിൽ, കോളറ ബാധിച്ച 63 കാരൻ മരിച്ചിരുന്നു.
ലോകത്താകമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ബാക്ടീരിയയാണ് കോളറ. അതുകൊണ്ടുതന്നെ അത് പടരുന്ന ഇടങ്ങളിലെല്ലാം അതീവ ജാഗ്രത ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.
പകർച്ച വ്യാധിയായ കോളറയെ തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? പരിശോധിക്കാം.
ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽ പെടുന്ന ഉടൻ ചികിത്സ തേടുകയാണെങ്കിൽ ഭേദമാക്കാൻ സാധിക്കുന്ന ഒരു അസുഖം മാത്രമാണ് കോളറ. എന്നാൽ അശ്രദ്ധ മരണത്തിലേക്ക് എത്തിക്കും. ആദ്യം കോളറ എന്താണെന്നും അതെങ്ങനെയാണ് പടരുന്നതെന്നും നോക്കാം.
പ്രധാനമായും മലിനമായ ജലത്തിലൂടെ പടരുന്ന ബാക്ടീരിയ അണുബാധയാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. മലിനമായ വെള്ളം ഭക്ഷണം എന്നിവ വഴി ഇവ പെട്ടെന്ന് പടരും. രോഗാണു ശരീരത്തിലെത്തിയാൽ മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ അഞ്ച് ദിവസത്തിനുള്ളിലോ കോളറ ബാധിക്കാവുന്നതാണ്. കുട്ടികളെയും മൂർത്തീർന്നവരെയും ഇത് ഒരുപോലെ ബാധിക്കും.
പെട്ടെന്നുള്ള കഠിനമായ വയറിളക്കമാണ് പ്രധാന രോഗലക്ഷണം. സാധാരണ ഉണ്ടാകുമ്പോൾ വയറുവേദന ഉണ്ടാകില്ലെങ്കിലും മലവിസർജനം വെള്ളം പോലെയായിരിക്കും, ഛര്ദിയുമുണ്ടാകും. അതുകൊണ്ടുതന്നെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജലീകരണം ഉണ്ടാകുകയും രോഗബാധിതർ അവശരാകുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനടി ചികിത്സ തേടുക എന്നതാണ് രോഗത്തെ മറികടക്കാനുള്ള ഏകവഴി. സമയം കഴിയുംതോറും അപകടസാധ്യതയും വർധിക്കും.
ഇനി കോളറ വരാതിരിക്കാനുള്ള മാർഗങ്ങൾ നോക്കാം
അതിൽ പ്രധാനം ശുചിയായ വെള്ളം കുടിക്കുക എന്നതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. ഭക്ഷണമായാലും വെള്ളമായാലും തുറന്നുവയ്ക്കാൻ പാടില്ല. കൂടാതെ നന്നായി വേവിച്ച് വേണം ഭക്ഷിക്കാനും. ചുരുക്കത്തിൽ ഭക്ഷ്യ സാധനങ്ങളും കുടിവെള്ളത്തിലും എല്ലാം നല്ലപോലെ ശുചിത്വം പാലിക്കണം എന്നർത്ഥം.
പഴങ്ങളും പച്ചക്കറികളും കഴിക്കും മുൻപ് നല്ലപോലെ ശുദ്ധജലത്തിൽ കഴുകണം. മലമൂത്ര വിസർജനത്തിന് ശേഷം, ആഹാരം കഴിക്കും മുൻപ് എല്ലാം സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലപോലെ കഴുകണം.
വയറിളക്കം അനുഭവപ്പെട്ടാൽ, നല്ലപോലെ പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കുന്നതും നല്ലതാണ് എന്നതാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതിലൂടെ നിര്ജ്ജലീകരണത്തെ ഒരു പരിധി വരെ തടയാനും സാധിക്കും. അതേസമയം, ഉയർന്ന പഞ്ചസാര അടങ്ങിയ ജ്യൂസ്, സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്ക് എന്നിവ കുടിക്കുന്നത് വയറിളക്കം കൂടുതലാക്കും. അതുകൊണ്ടുതന്നെ അവ ഒഴിവാക്കാൻ ശ്രദ്ധിക്കണം,
റീഹൈഡ്രേഷൻ തെറാപ്പി ആണ് കോളറയ്‌ക്കെതിരെയുള്ള പ്രധാന ചികിത്സ. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ കുടിക്കുക. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽനിന്ന് രോഗം പകരാനുള്ള സാധ്യതയും ഉണ്ട്.
കേരളത്തിൽ കോളറ കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ആകെ രണ്ടുമരണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. 2017 ലും 2025 ലുമായിരുന്നു അത്. അതേസമയം, ലോകത്താകമാനം കോളറ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് 2024 ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാലാവസ്ഥ വ്യതിയാനവും മോശം ശുചീകരണ പ്രവർത്തനങ്ങളുമാണ് അതിന് കരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്