നാരാണത്ത് പുതിയ പാലത്തിന്റെ പ്രവൃത്തി പൂർത്തിയായി

എടക്കാട്: കണ്ണൂർ കോർപറേഷനിലെ നടാൽ കിഴുന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാരാണത്ത് പുതിയ പാലത്തിന്റെ ടാറിങ് ഉൾപ്പെടെ പ്രവൃത്തി പൂർത്തിയായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ വർഷമാണ് നാരാണത്ത് പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.കണ്ണൂർ മണ്ഡലം എം.എൽ.എയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ശ്രമത്തിന്റെ ഭാഗമായി കോർപറേഷൻ , 34ാം ഡിവിഷൻ പരിധിയിൽ രണ്ട് കിലോമീറ്ററിനകത്തുള്ള മൂന്നു പാലങ്ങളിൽ ഒന്നാമത്തേതാണ് നാരാണത്ത് പാലം.അയ്യാറാകത്തു പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരുകയാണ്. വർഷങ്ങളായി ഇടുങ്ങിയതും തകർച്ചയുടെ വക്കിലെത്തിയതുമായ നാരാണത്ത് പാലം പുതുക്കിപ്പണിയുക എന്നത് കാത്തിരിപ്പിനു ശേഷമാണെങ്കിലും പുതിയ പാലം യാഥാർഥ്യമായത് ഇത് വഴിയുള്ള സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കുമെന്ന് നാട്ടുകാർ പറഞ്ഞു. 35 മീറ്റർ വീതിയിലും 115 മീറ്റർ നീളത്തിലുള്ളതുമായ പാലം വഴി ഒരേ സമയം ഇരു വാഹനങ്ങൾക്ക് കടന്നു പോകുവാനും ഇരുവശവും കാൽനടക്കാർക്കുള്ള നടപ്പാതയും ഒരുക്കിയിട്ടുണ്ട്. 3. 45 കോടി ചിലവിൽ പൂർത്തിയാക്കിയ പാലത്തിന്റെ നിർമാണ ചുമതല രാംദേവ് കൺട്രക്ഷൻ ഗ്രൂപാണ് ഏറ്റെടുത്ത് പൂർത്തീകരിച്ചത്.കണ്ണൂർ- തലശ്ശേരി ദേശീയ പാതയിൽ നടാൽ റെയിൽവേ ഗേറ്റിന് സമീപത്തായി നിൽക്കുന്ന നാരാണത്ത് പാലം വഴി, ഏഴര, കിഴുന്ന, മുനമ്പ്, എടക്കാട് പ്രദേശങ്ങളിൽ എളുപ്പം എത്തിച്ചേരാൻ കഴിയും.ദീർഘസമയം നടാൽ ഗേറ്റടച്ചിടുമ്പോൾ ഗതാഗത കുരുക്ക് നേരിടുന്ന ഘട്ടത്തിൽ എടക്കാട് വഴി തലശ്ശേരിയിലേക്കുള്ള യാത്രാ പ്രശ്നത്തിനും ഇതോടെ പരിഹാരമാകും.