ക്ഷീരവികസന വകുപ്പിന്റെ അവാർഡ് നേടി രമണി

Share our post

മണത്തണ: ഏറ്റവും അധികം പാൽ അളന്നതിനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാർഡ് ഇന്നലെയാണ് 65 വയസ്സുകാരിയായ രമണിയെ തേടിയെത്തുന്നത്. സാഹിവാൾ, ഗീർ, എച്ച്എഫ്, കപില ഇനങ്ങളിൽപെട്ട 65 പശുക്കളാണ് വിഭൂതി നിലയത്തിലെ എൻ.രമണിയുടെ ഫാമിലുള്ളത്. പ്രതിദിനം 400 ലീറ്ററിൽ അധികം പാൽ ഫാമിൽ നിന്നു കിട്ടും. രമണിയുടെ ഈ അംഗീകാരം ക്ഷീരമേഖലയിൽ തൊഴിൽ തേടുന്നവർക്കുള്ള പ്രോത്സാഹനവും കൂടിയാണ്.പശുക്കൾക്കു പുറമേ രണ്ട് എരുമകളും പോത്തുകളും. 25 ആടുകളും മുട്ടക്കോഴിയും വാത്തയും താറാവും വരെയുണ്ട് ഈ ചെറിയ ഫാമിൽ. വീടും ഫാമും കൂടിയുള്ള അഞ്ചേക്കർ സ്ഥലമാണു രമണിയുടെ ലോകം. വീടിനോട് ചേർന്നുള്ള ഭൂമിയിൽ പുൽക്കൃഷിയും നടത്തുന്നുണ്ട്.

കറവയ്ക്കുള്ള യന്ത്രങ്ങളും ഉണക്ക ചാണകം പൊടിക്കുന്നിതുള്ള യന്ത്രങ്ങളുമെല്ലാം വില കൊടുത്തു വാങ്ങിയാണ് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് ക്ഷീര വികസന വകുപ്പ് ഇവയ്ക്കെല്ലാം സബ്സിഡി അനുവദിച്ചു കൊടുക്കുകയായിരുന്നു.ഫാമിനോട് ചേർന്ന് 9 പേർക്ക് തൊഴിൽ കൊടുക്കുകയും ചെയ്യുന്നു രമണി. വീട്ടിലെ ആവശ്യങ്ങൾക്ക് പണ്ടു പശുക്കളെ വളർത്തിയിരുന്നു. 7 വർഷം മുൻപാണ് കൂടുതൽ പശുക്കളെ വളർത്തണം എന്ന ആഗ്രഹം രമണിക്കുണ്ടാകുന്നത്. ഇക്കാര്യം മകൻ അനന്തനാരായണനോട് പറഞ്ഞപ്പോൾ അമ്മയുടെ താൽപര്യം സാധിച്ചു നൽകുകയായിരുന്നു. അ‍ഞ്ച് പശുക്കളുമായാണ് ഫാം ആരംഭിച്ചത്.ഗുജറാത്തിൽ നിന്നാണ് സാഹിവാൾ, ഗീർ പശുക്കളെ എത്തിച്ചത്. കർണാടകയിൽ നിന്ന് കപിലയേയും. പിന്നെ ഘട്ടം ഘട്ടമായി കൂടുതൽ പശുക്കളെ ഫാമിലേക്ക് ചേർത്തുതുടങ്ങി. ഭർത്താവ് റിട്ട. ഹവിദാർ സി.കെ.ശ്രീധരൻ നായർ. രാജശ്രീ, രശ്മി, നിത്യാനന്ദൻ, അനന്തനാരായണൻ എന്നിവരാണ് മക്കൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!