ശബരിമല സന്നിധാനത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന യുവാവ് അറസ്റ്റില്‍

ശബരിമല സന്നിധാനത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന യുവാവ് അറസ്റ്റില്‍. സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച തമിഴ്നാട്ടുകാരനായ മോഷ്ടാവ് അറസ്റ്റില്‍.തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. ചിങ്ങമാസ പൂജയ്‌ക്ക് നടത്തുറന്നിരിക്കെ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ചത്. നടയടച്ച ശേഷമാണ് ദേവസ്വം അധികൃതർക്ക് മോഷണ വിവരം മനസിലാക്കിയത്. ജോലിക്കാരൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണം.പമ്പയിലെയും സന്നിധാനത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. പ്രത്യേകസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കന്നിമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വർഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ വന്നിരുന്ന പ്രതി പൊലീസ് കേസ് എടുത്ത് വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല.