കല്ലുമ്മക്കായയുടെ ജനിതക രഹസ്യം ‘ പൊളിച്ച് ‘ സി.എം.എഫ്.ആര്‍.ഐ

Share our post

കൊച്ചി: കല്ലുമ്മക്കായ കൃഷിയില്‍ വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന കണ്ടെത്തലുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.). ക്രോമസോം തലത്തില്‍ ജനിതക ശ്രേണീകരണം വിജയകരമായി പൂര്‍ത്തിയാക്കിയ ഗവേഷകസംഘം കല്ലുമ്മക്കായയുടെ ജനിതകരഹസ്യം കണ്ടെത്തി. ജലാശയ മലിനീകരണം എളുപ്പം മനസ്സിലാക്കാനും കാന്‍സര്‍ ഗവേഷണങ്ങളെ സഹായിക്കാനും ഉപകരിക്കുന്നതാണ് ഈ നേട്ടം. നേരത്തേ, മത്തിയുടെ ജനിതക ഘടനയും സി.എം.എഫ്.ആര്‍.ഐ. കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്. നേച്ചര്‍ ഗ്രൂപ്പിന്റെ സയന്റിഫിക് ഡേറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.

കല്ലുമ്മക്കായയുടെ വളര്‍ച്ച, പ്രത്യുത്പാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് കണ്ടെത്തിയത്. രോഗപ്രതിരോധ ശേഷിയുള്ളതും ഉത്പാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താന്‍ ഇത് സഹായിക്കും. കല്ലുമ്മക്കായയുടെ ഉത്പാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.ജീനും ജനിതകഘടനയും വിശദമായി മനസ്സിലാക്കുന്നതിലൂടെ കല്ലുമ്മക്കായ കൃഷിക്ക് ഭീഷണിയാകുന്ന പരാദ രോഗങ്ങളെ പ്രതിരോധിക്കാനുമാകും. കാന്‍സറുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് വെളിച്ചം നല്‍കാനും ജനിതകവിവരങ്ങള്‍ പ്രയോജനപ്പെടും. കാന്‍സര്‍ പ്രതിരോധശേഷിയുള്ളതടക്കം കല്ലുമ്മക്കായയിലെ മൊത്തം 49,654 പ്രോട്ടീന്‍ കോഡിങ് ജീനുകളാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.ജീനോം ഡീ-കോഡിങ് വഴി ജലമലിനീകരണവും വെള്ളത്തിലെ മാറ്റവും പെട്ടെന്ന് മനസ്സിലാക്കാനുള്ള അവസരം കൈവരും. ഡോ. എ. ഗോപാലകൃഷ്ണന്‍, വി.ജി. വൈശാഖ്, ഡോ. വില്‍സണ്‍ സെബാസ്റ്റ്യന്‍, ഡോ. ലളിത ഹരി ധരണി, ഡോ. അഖിലേഷ് പാണ്ഡെ, ഡോ. അഭിഷേക് കുമാര്‍, ഡോ. ജെ.കെ. ജെന എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!