റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്ത കേസ്; മുഖ്യപ്രതികൾ തലശേരിയിൽ അറസ്‌റ്റിൽ

തലശേരി: റെയിൽവെയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ അറസ്‌റ്റിൽ. കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ ഗീതാ റാണി രണ്ടാം പ്രതിയായ ശരത് എന്ന അജിത്ത് എന്നിവരെയാണ് തലശേരി ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ ഗീതാ റാണിക്ക് കേരളത്തിലെ ഒരു കോൺഗ്രസ് എംപിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവെയിൽ ക്ളർക്ക്, ട്രെയിൻ മാനേജർ, സ്‌റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്‌ദാനം ചെയ്‌താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ തലശേരി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് ഇരുവരും. അറസ്റ്റിലായ ഗീതാ റാണിസമാനമായ ഏഴു കേസുകളിൽ പ്രതിയാണെന് പോലീസ് അറിയിച്ചു. കോയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാറാണി ഉൾപ്പെടെ മൂന്നുപേരെ പ്രതി ചേർത്ത് തലശേരി ടൗൺ പൊലിസ് കേസെടുത്തത്. ഒന്നാം പ്രതിയും സിപിഎം നേതാവുമായിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്തംഗം ചൊക്ളി നിടുംമ്പ്രത്തെ കെ ശശിയെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണുള്ളത്.
റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് സീനിയർ ഓഫീസർ ചമഞ്ഞാണ് ഗീതാ റാണി തട്ടിപ്പു നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശ്രീകുമാറിന് ആദ്യം റെയിൽവെയിൽ ക്ളർക്ക് ജോലിയാണ് വാഗ്ദ്ധാനം ചെയ്‌തിരുന്നത്. 18 ലക്ഷം രൂപയാണ് ഇതിനായി കൈപ്പറ്റിയത്. ഒറിജനിലെ വെല്ലുന്ന അപ്പോയ്മെൻ്റ് ലെറ്റർ ഇതിനായി നൽകുകയും ചെയ്‌തു. തൃശിനാപ്പിള്ളിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കാനായിരുന്നു ഓർഡർ നൽകിയത്.
തൊട്ടടുത്ത ദിവസം തന്നെ ബി ടെക് ഉള്ളതിനാൽ ട്രെയിൻ മാനേജർ പോസ്‌റ്റ് നൽകാമെന്ന് വാഗ്ദ്ധാനം ചെയ്‌തു. ഇതിനായി 18 ലക്ഷം രൂപ കൂടി കൈപ്പറ്റി അപ്പോയ്മെൻ്റ് ലെറ്റർ നൽകുകയും ചെയ്‌തു. ബംഗ്ളൂരിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു നിർദ്ദേശം. ബംഗ്ളൂരിൽ ജോലിയിൽ ചേരാൻ ചെന്നപ്പോഴാണ് തട്ടിപ്പു നടന്നതെന്ന് ശ്രീകുമാറിന് വ്യക്തമായത്. ഇയാൾക്ക് സമാനമായി നിരവധി പേരാണ് തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയത്.