അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക്; യാത്രക്ക് മണിക്കൂറുകൾ മുൻപ് യുവാവ് മരിച്ചു

Share our post

റിയാദ് : അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെ പ്രവാസി യുവാവ് മരിച്ചു. റിയാദ് എക്സിറ്റ് 13-ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോടിനുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പോകാനുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തി ഉറങ്ങാൻ കിടന്നതായിരുന്നു യുവാവ്. ചൊവ്വാഴ്ച രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ കൂട്ടുകാർ തിരക്കി എത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ഹൃദയ സ്തംഭനമാണ് മരണകാരണം.

അഞ്ചു വർഷത്തിനു ശേഷമാണ് നാട്ടിലേക്ക് പോകുന്നതെന്നും ഭാര്യയെയും മക്കളെയും ഉമ്മയെയേയും ഒക്കെ ഞെട്ടിച്ചു കൊണ്ട് സർപ്രൈസായി രാവിലെ വീട്ടിലെത്തെണമെന്നാണ് തന്റെ പ്ലാനെന്നുമൊക്കെ തമാശയായി റഫീഖ് പറഞ്ഞിരുന്നതായും സൃഹൃത്തുക്കൾ പറഞ്ഞു. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള പെട്ടികളും സാധനങ്ങളും എല്ലാം കൂട്ടുകാരുമൊക്കെ ചേർന്ന് ഒരുക്കി ലഗേജിന്റെ ഭാരവും തൂക്കവുമൊക്കെ കൃത്യമാണെന്ന് ഉറപ്പിച്ചാണ് റഫീഖ് കിടന്നതെന്നും സൃഹൃത്തുക്കൾ പറഞ്ഞു.

കോവിഡ് കാലം വന്നപ്പോൾ ജോലി നഷ്ടപ്പെട്ടതോടെ നാട്ടിൽ പോകാൻ കഴിഞ്ഞില്ല. അതിനിടെ പുതിയ ഇടത്ത് ജോലിക്ക് കയറിയതോടെ ഉടനെ തന്നെ അവധി എടുക്കാനോ നാട്ടിലേക്ക് പോയി വരാനോ കഴിയാത്ത സ്ഥിതിയായിരുന്നു. വിസാ മാറ്റങ്ങളും സ്പോൺസർ മാറ്റങ്ങളും ഒക്കെയായി ഇതിനോടകം നാട്ടിലേക്ക് മടങ്ങാതായിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ വീസയിൽ പിന്നീട് തിരികെ എത്താനുള്ള എല്ലാ ക്രമീകരണവും ജോലിയുമൊക്കെ ശരിയാക്കി വെച്ചിട്ടാണ് റഫീക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ എല്ലാം നടത്തിയത്.

അഞ്ചു വർഷത്തിനു ശേഷമുള്ള യാത്രയായതിനാൽ വീട്ടുകാർക്കും പ്രിയപ്പെട്ടവർക്കും മക്കൾക്കും നൽകാനുള്ള സ്നേഹസമ്മാനങ്ങളും എല്ലാം നേരത്തെ വാങ്ങി വെച്ചിരുന്നതായും ഒപ്പമുള്ളവർ പറയുന്നു. ഷുമൈസി ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും, മലപ്പുറം ജില്ലാ കൂട്ടായ്മ ഭാരവാഹികളും നേതൃത്വം നൽകും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!