Connect with us

KANICHAR

ഇനിയുമൊരു ദുരന്തം ആവർത്തിക്കുമോ? ശ്രീലക്ഷ്മി ക്വാറിയിൽ ജല ബോംബുണ്ടെന്ന് ജനകീയ സമിതി 

Published

on

Share our post

കണിച്ചാർ : പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ശ്രീലക്ഷ്മി പാറമടക്കുള്ളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജലബോംബ് ആയി നിലകൊള്ളുന്നുവെന്നും ഇത് അപകടകരമാണെന്നും ജനകീയ പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പുഴയിൽ നിന്നും ഏകദേശം ആയിരമടിയോളം ഉയരത്തിൽ നിലകൊള്ളുന്ന ദശലക്ഷക്കണക്കിന് ജലം ചെലുത്തുന്ന സമ്മർദ്ദമാകാം 150 മീറ്റർ താഴെയുള്ള സെമിനാരിയുടെ സ്ഥലത്ത് ഭൂമി വിണ്ടു കീറാൻ കാരണമായത്. ഏകദേശം അഞ്ച് ഏക്കറോളം ഭൂമി വിണ്ടുകീറി വളരെ അപകടകരമായ അവസ്ഥയിലാണുള്ളത്. ഈ പ്രദേശത്തിന് താഴെയുള്ള പൂളക്കുറ്റി, വെള്ളറ, നെല്ലാനിക്കൽ, നെടുമ്പുറംചാൽ, തൊണ്ടിയിൽ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയാണ് നിലനിൽക്കുന്നത്.

ഈ പാറമടയിൽ നിറഞ്ഞുനിൽക്കുന്ന വെള്ളം പൊട്ടിയൊഴുകിയാൽ താഴെ വിണ്ടു കീറി നിൽക്കുന്ന ഭൂമി  അടക്കം കുത്തിയൊലിച്ച് ഉരുൾപൊട്ടലായി മാറാൻ സാധ്യതയുണ്ട്. ഏകദേശം 70 ഡിഗ്രിയിലധികം ചെരിവുള്ള വൻമലകളാൽ ചുറ്റപ്പെട്ട ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഭൂമിയിളക്കി മറിച്ചുകൊണ്ട് നടന്നിരുന്ന പാറ പൊട്ടിക്കലാണ് നടന്നിരുന്നത്.

2022ൽ നടന്ന ഉരുൾപൊട്ടലിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭൂമിയിലെ വിള്ളലുകൾക്കും നെടുംപൊയിൽ -മാനന്തവാടി അന്തർ സംസ്ഥാന പാതയിലെ റോഡിന്റെ വിള്ളലുകൾക്കും  അടിസ്ഥാന കാരണം പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം മാത്രമാണെന്ന് ദുരന്തനിവാരണ അതോറിറ്റി ജില്ലാ കലക്ടർക്കും പഞ്ചായത്തിനും നിർദ്ദേശം നൽകിയിരുന്നു. ജില്ലാ കലക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്ന് പ്രാവശ്യം രേഖാമൂലം നിർദ്ദേശം നൽകിയത് മഴക്കാലത്തിനു മുൻപ് ക്രഷറിനുള്ളിലെ പൈപ്പ് ലൈനും കൂട്ടിയിട്ട മണ്ണും മാറ്റി വെള്ളത്തിന്റെ ഒഴുക്ക് പഴയതുപോലെ ആക്കുവാനും ഭൂമിയുടെ സന്തുലനാവസ്ഥ നിലനിർത്തുവാനുമാണ്. പക്ഷേ ഇപ്പോഴും സ്വാഭാവിക നീരൊഴുക്ക് പൈപ്പ് ലൈനിലൂടെ കടത്തിവിട്ട് അതിനു മുകളിൽ പ്ലാൻ്റ് നിലനിൽക്കുന്നു. ഈ വിഷയത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന കുറ്റകരമായ അനാസ്ഥ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തും.

2022 ഓഗസ്റ്റ് ഒന്നിനുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിനുശേഷം അതിന്റെ കാരണത്തെക്കുറിച്ച് പഠനം നടത്തിയ സംസ്ഥാന  ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച 20- ഇന ശുപാർശകളിൽ  ഒരു നിർദ്ദേശമായ 24-ാം  മൈലിൽ സ്ഥിതി ചെയ്യുന്ന ന്യൂ ഭാരത് ക്വാറിയിലെ  ബ്ലാസ്റ്റിംഗ്  ടെസ്റ്റ് മാത്രം വളരെ കൃത്യമായി നടപ്പിലാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ പ്രവർത്തിച്ചു. എന്നാൽ മഴയുടെ തീവ്രത അളക്കുന്നതിനുള്ള മഴമാപിനി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നുള്ള വിവരങ്ങൾ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇത് സ്ഥാപിച്ചത് എന്തിനുവേണ്ടിയാണ്, ആരെ സംരക്ഷിക്കുവാനാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ തീവ്രത ഇനിയെങ്കിലും മനസ്സിലാക്കി എത്രയും പെട്ടെന്ന് അത് തടയുവാനുള്ള മുൻകരുതൽ എടുക്കുന്നില്ലെങ്കിൽ വൻ ദുരന്തത്തിന് നാട് സാക്ഷ്യം വഹിക്കേണ്ടി വരും. അധികാരികളുടെ അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനോടൊപ്പം വിവിധയിടങ്ങളിൽ പരാതികൾ നൽകുവാനും 2022 ഓഗസ്റ്റ് ഒന്നിനുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുവാനും ജനകീയ പ്രകൃതി സംരക്ഷണ സമിതി തീരുമാനിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.


Share our post

KANICHAR

കണിച്ചാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി ആറിന് തുടങ്ങും

Published

on

Share our post

കണിച്ചാർ: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി ആറു മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയും വിവിധ കലാ-സംസ്കാരിക പരിപാടികളോടെയും നടക്കും. 5 ആം ദിവസം ദീപകാഴ്ചകൾ, നിശ്ചലദൃശ്യങ്ങൾ, വർണ്ണ കുടകൾ തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പുറപ്പെടുന്ന താലപ്പൊലി ഘോഷയാത്രയും ഉണ്ടാവും.


Share our post
Continue Reading

KANICHAR

കണിച്ചാറിൽ ആന്റണി സെബാസ്റ്റ്യന്റെ ഭരണത്തിന് അംഗീകാരം; എൽ.ഡി.എഫിന് മിന്നും ജയം

Published

on

Share our post

കണിച്ചാർ: 40 വർഷത്തെ കോൺഗ്രസ് ഭരണത്തിന് തടയിട്ട് എൽ.ഡി.എഫ് പിടിച്ചെടുത്ത കണിച്ചാർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നും ജയം. പഞ്ചായത്തിന്റെ സമസ്ത മേഖലകളിലും അടിസ്ഥാന സൗകര്യങ്ങളിലൂന്നി മികവാർന്ന ഭരണം കാഴ്ച വെച്ച പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനും ഭരണസമിതിക്കുമുള്ള അംഗീകാരം കൂടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി രതീഷ് പൊരുന്നന്റെ 199 വോട്ട് ഭൂരിപക്ഷത്തോടെയുള്ള വിജയം.

പോൾ ചെയ്ത 888 വോട്ടുകളിൽ 536 വോട്ടുകൾ എൽ.ഡി.എഫ് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി സിന്ധു ചിറ്റേരിക്ക് 337 വോട്ടുകളാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർഥി സിന്ധു പവിക്ക് 11 വോട്ടുകളേ നേടാനായുള്ളൂ. യു.ഡി.എഫ് റിബൽപി.സി.റിനീഷിന് മൂന്ന് വോട്ടുകൾ ലഭിച്ചപ്പോൾ അപര സ്ഥാനാർഥി സിന്ദുവിന് ഒരു വോട്ട് ലഭിച്ചു.

13 സീറ്റുകളിൽ ഏഴ് സീറ്റ് നേടിയാണ് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചത്.ഇതിൽ ഒരാൾ സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 129 വോട്ടുകൾ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥി നേടി.


Share our post
Continue Reading

Breaking News

കണിച്ചാർ പഞ്ചായത്ത് ആര് ഭരിക്കും ; നാളെ അറിയാം

Published

on

Share our post

കൊളക്കാട് : കണിച്ചാർ പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നിലനിർത്തുമോ, അതല്ല യു. ഡി. എഫ് തിരിച്ചു പിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പഞ്ചായത്തിലെ ചെങ്ങോം വാര്‍ഡില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 76.4% പോളിംഗ് നടന്നുവെന്നാണ് പ്രാഥമിക കണക്കുകൾ. 1162 വോട്ടര്‍മാരില്‍ 888 പേര്‍ ഓടപ്പുഴ ഗവ. എല്‍.പി. സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. എല്‍. ഡി. എഫിലെ രതീഷ് പൊരുന്നന്‍, യു.ഡി .എഫിലെ സിന്ധു ചിറ്റേരി, എന്‍.ഡി.എയുടെ സിന്ധു പവി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. കോൺഗ്രസ് റിബൽ പി.സി.റിനീഷ്, അപര സ്ഥാനാർഥി സിന്ധു എന്നിവരും മത്സര രംഗത്തുണ്ട്. എല്‍.ഡി.എഫിന് ഏഴും യു. ഡി. എഫിന് ആറും അംഗങ്ങളാണ് ഉണ്ടായിരുന്നത് . സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍.ഡി. എഫ് അംഗം വി.കെ.ശ്രീകുമാര്‍ രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വാര്‍ഡിലെ വിജയം ഇരു മുന്നണിക്കും നിര്‍ണായകമാണ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന് തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂളില്‍ നടക്കും.എൽ. ഡി. എഫ് വിജയിച്ചാൽ പഞ്ചായത്ത് ഭരണം ആന്റണി സെബാസ്റ്റ്യന് നിലനിർത്താം. മറിച്ചാണെങ്കിൽ നഷ്ടപ്പെട്ട ഭരണം യു.ഡി.എഫിനൊപ്പമാവും. 11 മണിയോടെ ഫലം അറിയാനാവും.


Share our post
Continue Reading

Trending

error: Content is protected !!