ഓടിക്കൊണ്ടിരുന്ന ബസിനും ബൈക്കിനും മുകളിൽ വൈദ്യുത തൂണുകൾ വീണ് രണ്ട് പേർക്ക് പരിക്ക്

പേരാവൂർ: ഓടിക്കൊണ്ടിരുന്ന ബസിനും ബൈക്കിനും മുകളിൽ വൈദ്യുത തൂണുകൾ പൊട്ടി വീണ് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. തലക്ക് സാരമായി പരിക്കേറ്റ കൂത്തുപറമ്പ് നരവൂർ സ്വദേശി മനോജ് (48), മുഖത്ത് പരിക്കേറ്റ കൂത്തുപറമ്പ് പഴയ നിരത്ത് നഫ്‌സിദാസിൽ ഇനാസ് (31) എന്നിവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ തെറ്റുവഴി ടൗണിനു സമീപമായിരുന്നു അപകടം.
കാറ്റത്ത് നിലം പൊത്താറായ വൈദ്യുത തൂണുകളാണ് പൊട്ടിവീണത്. ബസ് യാത്രക്കാർക്കാർക്കും പരിക്കില്ല. കൂത്തുപറമ്പിലെ സ്വകാര്യ കമ്പനി ജീവനക്കാരാണ് ബൈക്കിലുണ്ടായിരുന്നവർ. അപകടത്തെത്തുടർന്ന് പേരാവൂർ-നിടുംപൊയിൽ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.