കോവിഡ് വാക്സിനിലെ ഗവേഷണം; മലയാളിക്ക് യു.എസ് പേറ്റന്റ്

തളിപ്പറമ്പ്: ലിപ്പിഡ് നാനോ കണികകൾ ഉപയോഗിച്ചുള്ള ന്യൂക്ലിക് ആസിഡ് (എം.ആർ.എൻ.എ) ഡെലിവറി മേഖലയിലെ ഗവേഷണത്തിന് സർ സയ്യിദ് കോളജ് രസതന്ത്ര വിഭാഗം അധ്യാപകൻ ഡോ.അശ്വനികുമാറിന് അമേരിക്കൻ പേറ്റന്റ്. 2016-18ൽ യു.എസിലെ ഓറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗൗരവ് സഹായിയുടെ കീഴിൽ നടത്തിയ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായുള്ള പ്രോജക്ടിലാണ് ഈ കണ്ടെത്തൽ നടത്തിയത്. കോവിഡ് കാലഘട്ടത്തിലാണ് ലോകം എം.ആർ.എൻ.എ വാക്‌സീനുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. എം.ആർ.എൻ.എകളെ ശരീര കോശങ്ങളിലേക്ക് ആവശ്യമായ അളവിൽ എത്തിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ലിപ്പിഡ് നാനോ കണികളെ ഉപയോഗപ്പെടുത്തലാണ് ഇതിന് ഏറ്റവും അനുയോജ്യമായ മാർഗം. ഇത്തരം നാനോ കണികകളുടെ ഉൽപാദനത്തിന് ഉപയോഗിക്കുന്ന നാലുതരം ലിപ്പിഡുകളിൽ ഒന്ന് കൊളസ്ട്രോൾ സംയുക്തമാണ്. ബദാം, അവക്കാഡോ, മറ്റു പഴ വർഗങ്ങൾ എന്നിവയിലുള്ള ബീറ്റ സൈറ്റോ സ്റ്റിറോൾ എന്നറിയപ്പെടുന്ന (കൊളസ്ട്രോളുമായി സാമ്യമുള്ള) ഒരു സ്ട്രക്ചറൽ അനലോഗ് ഏറ്റവും മികച്ച രീതിയിൽ കോശങ്ങളിലേക്ക് ജീൻ ഡെലിവറി ചെയ്യുന്നതായി അശ്വിനികുമാർ പഠനത്തിൽ കണ്ടെത്തി.
പ്രസ്തുത ഗവേഷണ ഫലത്തിനുള്ള പേറ്റന്റ് ആണ് ഇപ്പോൾ ലഭിച്ചത്. ഗവേഷണ സംഘം വികസിപ്പിച്ചെടുത്ത ടെക്നോളജി ഉപയോഗിച്ച് ഔഷധ നിർമാണത്തിന് എം.ആർ.എൻ.എ കോവിഡ് വാക്സീനുകളുടെ നിർമിതാക്കളായ ബോസ്റ്റൻലെ മോഡേണാ തെറാപ്യൂട്ടിക്സ് എന്ന കമ്പനി ലൈസൻസ് നേടിയിട്ടുണ്ട്. ഗവേഷണ ഫലങ്ങൾ നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര മാസികയിൽ 2020ൽ പ്രസിദ്ധീകരിച്ചു.