മണത്തണ ജി.എച്ച്.എസ്.എസിൽ വിജയോത്സവം

പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം. എസ് സ്‌കോളർഷിപ്പ് വിജയികളെയും പ്ലസ് വണ്ണിൽ മുഴുവൻ മാർക്ക് നേടിയ എയ്ഞ്ചൽ ജോസിനെയും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ പൂർവ വിദ്യാർത്ഥിനി ഷിൽജാ ജോസിനെയും അനുമോദിച്ചു.
പൂർവാധ്യാപകർ വിവിധ ക്ലാസുകളിൽ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം പ്രീതിലത, പഞ്ചായത്തംഗം ബേബി സോജ, സി.വി.അമർനാഥ്, വി.ബി. രാജലക്ഷ്മി, പ്രഥമാധ്യാപകൻ കെ. വി. സജി, എം.രാധിക, എം. ഷജോദ് എന്നിവർ സംസാരിച്ചു.