കുട്ടികൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം; എ.എൻ. ഷംസീർ

പേരാവൂർ : തുടർപഠനത്തിന് വലിയ സാധ്യതകളാണ് ഇപ്പോഴുള്ളതെന്നും ജാഗ്രതയോടെ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവർക്കുകൂടി താല്പര്യമുള്ള കോഴ്സ് പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു.
പേരാവൂർ റീജണൽ ബാങ്ക് “വിജയോത്സവം 2024” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. ബാങ്ക് പ്രസിഡന്റ് വി.ജി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, പഞ്ചായത്തംഗങ്ങളായ എം. ഷൈലജ, റജീന സിറാജ്, ബേബി സോജ, ബാങ്ക് സെക്രട്ടറി എം.സി. ഷാജു, വി. പദ്മനാഭൻ, എ.കെ. ഇബ്രാഹിം, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബാങ്ക് പ്രവർത്തന പരിധിയിൽ ഈ വർഷം എം.ബി. ബി.എസ് പാസായവർ, വിവിധ കായിക മത്സരങ്ങളിൽ അന്തർ ദേശീയ -ദേശീയ മെഡലുകൾ ലഭിച്ചവർ, ഡിഗ്രികളിൽ റാങ്ക് നേടിയവർ, പ്ലസ് ടു-എസ്. എസ്. എൽ.സിയിൽ ഉന്നതവിജയം നേടിയവർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ ഉൾപ്പെടെ 203 പേരെ ആദരിച്ചു.