ഭാരതീയ വ്യാപാരി വ്യവസായി സംഘം പേരാവൂരിലും; യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാവും

പേരാവൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം പേരാവൂർ യൂണിറ്റ് ഉടനുണ്ടാവാൻ സാധ്യത. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പേരാവൂരിലെ പ്രമുഖ വ്യാപാര സംഘടനയിൽ നിന്നുമുള്ള നിരവധി അംഗങ്ങൾ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൽ (ബി.വി.വി.എസ്) ചേരുമെന്നാണ് ലഭിക്കുന്ന വിവരം. നിടുംപൊയിലിലും യൂണിറ്റ് രൂപീകരിക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പേരാവൂർ ബ്ലോക്കിലെ കേളകത്താണ് നിലവിൽ ബി.വി.വി.എസിന് യൂണിറ്റുള്ളത്. 110 അംഗങ്ങൾ കേളകത്തുണ്ട്. ഇവരിൽ 90 ശതമാനം അംഗങ്ങളും വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നും വിട്ടു വന്നവരാണെന്ന് ബി.വി.വി.എസ് കേളകം യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. മികച്ച പ്രവർത്തനമാണ് കേളകത്ത് ബി.വി.വി.എസ് നടത്തുന്നത്.
പേരാവൂരിൽ മൂന്ന് വ്യാപാര സംഘടനകൾ നിലവിലുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ എന്നീ സംഘടനകളാണ് പേരാവൂരിലുള്ളത്. ഇതിന് പുറമെയാണ് ഭാരതീയ വ്യാപാരി വ്യവസായി സംഘം പേരാവൂരിൽ യുണിറ്റ് രൂപീകരിക്കാനൊരുങ്ങുന്നത്.