ശ്രദ്ധ ലൈസന്‍സ് ടെസ്റ്റിലായി; വാഹന ഫിറ്റ്‌നസ് ടെസ്റ്റ് പരിശോധന ചുരുങ്ങി

Share our post

ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കിയപ്പോള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന അവതാളത്തിലായി. ആഴ്ചയില്‍ അഞ്ചുദിവസവും ഫിറ്റ്നസ് പരിശോധന നടന്നിരുന്നത് രണ്ടുദിവസമായി ചുരുക്കിക്കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റിനു കൂടുതല്‍ സമയം നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ കഴിയുന്നതിലും ഇരട്ടി വാഹനങ്ങളാണ് ഈ ദിവസങ്ങളില്‍ ഫിറ്റ്നസ് ടെസ്റ്റിന് എത്തുന്നത്. ഡ്രൈവിങ് ടെസ്റ്റ് വേഗത്തിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫിറ്റ്നസ് ടെസ്റ്റ് വെട്ടിച്ചുരുക്കി ഡ്രൈവിങ് ടെസ്റ്റിനു കൂടുതല്‍ സമയം നല്‍കിയത്.

ഒരു ഉദ്യോഗസ്ഥന്‍ ദിവസം 40 ഡ്രൈവിങ് ടെസ്റ്റില്‍ കൂടുതല്‍ നടത്തരുതെന്ന് നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനപരിശോധനയുടെ കാര്യത്തില്‍ അത്തരമൊരു നിബന്ധനയില്ല. വരുന്ന വാഹനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടിവരും. ജോലി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതോടെ പരിശോധനയുടെ ഗുണനിലവാരവും ഇടിയും. ബസ്, ലോറി, ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളാണ് നിശ്ചിത കാലയളവില്‍ ഫിറ്റ്നസ് പരിശോധനയ്ക്കു ഹാജരാക്കുന്നത്. ഇവയുടെ സാങ്കേതികക്ഷമത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ടയര്‍, ബ്രേക്ക്, സസ്പെന്‍ഷന്‍, ലൈറ്റുകള്‍ തുടങ്ങി വാഹനത്തിന്റെ എല്ലാ ഘടകങ്ങളും പരിശോധിക്കണം.

വാഹനം ഓടിച്ചും ക്ഷമത വിലയിരുത്തണം.ഒരു ബസ് പരിശോധിക്കാന്‍ കുറഞ്ഞത് 20 മിനിറ്റെങ്കിലും വേണ്ടിവരും. മിനി വാഹനങ്ങള്‍ക്ക് 15 മിനിറ്റും ഓട്ടോ ടാക്സി കാറുകള്‍ക്ക് 10 മിനിറ്റും വേണം. വാഹനബാഹുല്യം കാരണം മിക്ക ഓഫീസുകളിലും തട്ടിക്കൂട്ട് പരിശോധനയാണ് നടക്കുന്നത്. ഇത് റോഡ് സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നുണ്ട്.20 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ പരിശോധന മിക്ക ഓഫീസുകളിലും മാസത്തില്‍ ഒരു ദിവസം മാത്രമായി ചുരുക്കിയിട്ടുണ്ട്. വാഹനം അറ്റകുറ്റപ്പണി നടത്തിയാലും പരിശോധനയ്ക്ക് അനുമതി കിട്ടാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!