ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്; വയനാട്ടില്‍ നിന്ന് സി.പി.എമ്മിന്റെ ആദ്യത്തെ മന്ത്രി

Share our post

തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക. സി.പി.എം. സംസ്ഥാന സമിതിയാണ് ഒ.ആർ. കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. വിവിധ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

അർഹതയ്ക്കുള്ള അംഗീകാരം
വയനാട് ജില്ലയില്‍ നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആര്‍. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്നുള്ള നിയമസഭാംഗമാണ്.

ജില്ലയിലും സംസ്ഥാനത്തും പട്ടികവര്‍ഗക്കാരെ പാര്‍ട്ടിയോടടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരന്റെ മന്ത്രിസഭാ പ്രവേശനം. ഇക്കഴിഞ്ഞ സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്.

രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000-ത്തില്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. പിന്നീട് 2005-ലും 2010-ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015-ല്‍ തിരുനെല്ലി ഡിവിഷനില്‍ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പ്പിച്ച് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ശാന്തയാണ് ഭാര്യ. മക്കള്‍ മിഥുന, ഭാവന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!