മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു

ന്യൂ ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. 52-വയസ്സായിരുന്നു. ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചെന്നാണ് റിപ്പോര്‍ട്ട്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിന്റെ ഓപ്പണിങ് പേസ് ബൗളറായി നീണ്ടകാലം തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച ജോണ്‍സണ്‍ ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്
പേസ് ബൗളറായി പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് വന്ന ഡേവിഡ് ജോണ്‍സണ്‍ 1996-ല്‍ ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് അരങ്ങേറ്റം. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാത്തതും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അന്താരാഷ്ട്ര മത്സരരംഗത്ത് അവസരങ്ങള്‍ തേടി വരുന്നതില്‍ വിലങ്ങുതടിയായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ടെസ്റ്റ് കളിച്ചിട്ടുണ്ട്.
അഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ മിന്നും താരമായിരുന്നു ഡേവിഡ്. കേരളത്തിനെതിരേ പത്ത് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 1995-96 രഞ്ജി ട്രോഫി സീസണിലാണ് 152-റണ്‍സ് വിട്ടുകൊടുത്ത് താരം പത്ത് വിക്കറ്റെടുത്തത്.