ആദ്യ വീരചക്ര ജേതാവ് കേണല്‍ എന്‍.സി.നായര്‍ അന്തരിച്ചു

Share our post

തിരുവനന്തപുരം : കേരളത്തിൽനിന്ന് ആദ്യമായി വീരചക്ര പുരസ്‌കാരം നൽകി രാഷ്ട്രം ആദരിച്ച ലഫ്റ്റനന്റ് കേണൽ എൻ.സി. നായർ (എൻ. ചന്ദ്രശേഖരൻ നായർ, 91) അന്തരിച്ചു. കുമാരപുരം തോപ്പിൽ നഗർ ചന്ദ്രികാ ഭവനിലായിരുന്നു അന്ത്യം.

1965ലെ ഇന്തോ–പാക് യുദ്ധത്തിലെ അസാമാന്യ ധീര കർമത്തിനാണ് രാജ്യം അദ്ദേഹത്തിന് വീരചക്രപുരസ്‌കാരം സമർപ്പിച്ചത്. ഗണിതത്തിൽ ബി.എസ്-സി ഓണേഴ്‌സ് പാസായ എൻ.സി. നായർ കോളേജ് അധ്യാപകനായും ചെന്നൈ എജീസ് ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് പട്ടാളത്തിൽ ആകൃഷ്ടനായി മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിൽ സെക്കൻഡ്‌ ലഫ്റ്റനന്റായി തുടക്കം. 1965 സെപ്തംബറിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ യുദ്ധത്തിനൊരുങ്ങിയപ്പോൾ എൻ.സി. നായർ ഉൾപ്പെട്ട വിഭാഗത്തെ പഞ്ചാബിലെ ദേരാബാബാ നാനാക്കിലാണ് ചെറുത്തുനിൽപ്പിന് നിയോഗിച്ചത്. പാകിസ്ഥാന്റെ 50 അടി ഉയരത്തിലുള്ള നിരീക്ഷണ പോസ്റ്റ് ഇവർ തകർത്തു. ഇതിന്റെ അംഗീകാരമായാണ് അന്നത്തെ രാഷ്ട്രപതി എസ്. രാധാകൃഷ്ണൻ വീരചക്രം നൽകിയത്. അഫ്ഗാനിസ്ഥാനിലെ മിലിട്ടറി അക്കാദമിയിൽ ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിച്ചു. ഗണിതശാസ്‌ത്രത്തിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഭാര്യ: ചന്ദ്രികാദേവി. മക്കൾ: മീനാ നായർ (റിട്ട. അധ്യാപിക), മീരാ നായർ (നാഷണൽ ഹെൽത്ത് സർവീസസ് മിഷൻ, ലണ്ടൻ), മീതാ നായർ (ഇൻഫോടെക്, ഇൻഡോർ, മധ്യപ്രദേശ്). മരുമക്കൾ: വിജയകുമാർ (റിട്ട. സൂപ്രണ്ടിങ് എൻജിനിയർ, ഒ.എൻ.ജി.സി), രാജേഷ് അയ്യർ (നാഷണൽ മാനേജർ, ഡി.എച്ച്.എൽ, ലണ്ടൻ), തൻമയ മുഖർജി (ഇൻഫോടെക്, ഇൻഡോർ). സംസ്‌കാരം വ്യാഴം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!