കെ.എസ്‌.ആർ.ടി.സി ഫീസ്‌ നിശ്ചയിച്ചു; ടൂവീലറിന്‌ 3500, ഹെവി ലൈസൻസിന്‌ 9000

Share our post

തിരുവനന്തപുരം : കെ.എസ്‌.ആർ.ടി.സി ഡ്രൈവിങ്‌ സ്‌കൂളിൽ ഡ്രൈവിങ്‌ പരിശീലനത്തിനും ലൈസൻസ്‌ എടുക്കാനും ഫീസ്‌ നിശ്‌ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനംവരെ തുക കുറവാണ്‌. ആദ്യഘട്ടം ആറ്‌ ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കും. തിരുവനന്തപുരത്ത്‌ ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിങ്‌ സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഹെവി ലൈസൻസ്‌ എടുക്കാൻ 9000 രൂപയാണ്‌ ഫീസ്‌. ലൈറ്റ്‌ മോട്ടോർ വെഹിക്കിളിനും ഇത്രയും തുക വേണം. ടുവീലർ ലൈസൻസിന്‌ 3500 രൂപയാണ്‌ ഫീസ്‌. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്‌. എൽ.എം.വി, ടുവീലർ ലൈസൻസുകൾക്ക്‌ രണ്ടിനും കൂടി 11,000 രൂപ മതി.

മികച്ച ഡ്രൈവിങ്‌ പഠനമാകും സ്കൂളിൽ ഒരുക്കുകയെന്ന്‌ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. തിയറി ക്ലാസുമുണ്ടാകും. കെ.എസ്‌.ആർ.ടി.സി ജീവനക്കാരെ ഇൻസ്ട്രക്ടർമാരായി നിയമിക്കും. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്‌തമാക്കിയശേഷമാകും ടെസ്റ്റിന്‌ വിടുക. സ്വകാര്യ സ്ഥാപനങ്ങളിൽ പലതിലും കൂടിയ നിരക്കാണ്‌ ഈടാക്കുന്നത്‌. പല ജില്ലകളിലും ഹെവി ലൈസൻസ്‌ എടുക്കാനും പരിശീലനത്തിനും 15,000 രൂപമുതൽ 20,000 രൂപവരെയും എൽ.എം.വി.ക്ക്‌ 11,000–15,000 രൂപയും ടുവീലറിന്‌ 6000–8000 രൂപയും ഈടാക്കുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!