ഗ്രാമങ്ങളിലേക്ക് കുട്ടിബസുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം : ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസുമായി കെ.എസ്.ആർ.ടി.സി. 28–32 സീറ്റുള്ള ബസുകളാണ് പുറത്തിറക്കുന്നത്. ഡീസൽ ചെലവ് കുറയ്‌ക്കാൻ കഴിയുമെന്നതാണ് നേട്ടമായി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറയുന്നത്. ടാറ്റയുടെ 32 സീറ്റുള്ള ബസിന്റെ ട്രയൽ റൺ അദ്ദേഹം വ്യാഴാഴ്‌ച നടത്തി. കെ.എസ്.ആർ.ടി.സി സി.എം.ഡി.യും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചാക്ക മുതൽ ശംഖുംമുഖം വരെ മന്ത്രി ബസ് ഓടിച്ചു. 8.63 മീറ്റർ നീളവും 2.3 മീറ്റർ വീതിയുമുള്ള ബസ് ടാറ്റയുടെ മാർക്കപോളോ സീരീസിൽപ്പെടുന്നതാണ്. ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയുമാണ് കുട്ടിബസ് ഓടിക്കുക. കൂടുതൽ വാഹന നിർമാതാക്കൾ ബസ് നൽകാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. പഴയ കെ.എസ്.ആർ.ടി.സി മാറ്റി പകരം കുട്ടിബസുകൾ അനുവദിക്കും. പുതിയ റൂട്ടുകളിലും സർവീസ് നടത്തും.