കൊച്ചിയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ; പിന്നാലെ അപ്രത്യക്ഷമായി

Share our post

കൊച്ചി: പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. പൊന്നുരുന്നിയില്‍ പെണ്‍കുട്ടികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് ഒളിക്യാമറ കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയിട്ടും കടവന്ത്ര പോലീസ് കേസെടുക്കുന്നില്ലെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ കൊച്ചി സിറ്റി പോലീസിന്റെ വനിതാ സെല്ലിനെ സമീപിച്ചു.

ബുധനാഴ്ചയാണ് ഹോസ്റ്റലിലെ നാല് പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത് ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിനിടയിലായിരുന്നു ക്യാമറ ഒളിപ്പിച്ചിരുന്നത്. ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ഇറങ്ങിയോടി മറ്റു അന്തേവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടുടമയെ വിവരമറിയിച്ച് തിരികെ എത്തിയപ്പോഴേക്കും കുളിമുറിയില്‍നിന്ന് മൊബൈല്‍ഫോണ്‍ അപ്രത്യക്ഷമായിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടികള്‍ പരാതിയുമായി കടവന്ത്ര പോലീസിനെ സമീപിച്ചത്.

അതേസമയം, പരാതി നല്‍കിയിട്ടും സംഭവത്തില്‍ കടവന്ത്ര പോലീസ് കേസെടുത്തില്ലെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം. സ്റ്റേഷനില്‍ മേലുദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാനും നടപടിയെടുക്കാനും വൈകുമെന്നാണ് പോലീസ് സ്‌റ്റേഷനില്‍നിന്ന് പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു. തുടര്‍ന്നാണ് ഇവര്‍ കൊച്ചി സിറ്റി പോലീസിന്റെ വനിതാ സെല്ലിനെ സമീപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!