ബൈപ്പാസിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളിൽ മൂന്ന് മരണം

തലശ്ശേരി : തലശ്ശേരി-മാഹി ബൈപ്പാസിൽ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് അപകടങ്ങളിൽ മൂന്ന് മരണം. നിർത്തിയിട്ട വാഹനത്തിലിടിച്ചാണ് രണ്ട് അപകടങ്ങൾ. ഇതിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ചോനാടത്ത് നടന്ന അപകടത്തിൽ ബാലുശ്ശേരി പൂനൂർ മങ്ങാട് ഇയ്യച്ചേരി അബ്ദുറഹിമാൻ (42) മരിച്ചു. നിർത്തിയിട്ട ചരക്കുലോറിയിൽ മിനിലോറിയിടിച്ചാണ് അപകടം. മേയ് 28-ന് പുലർച്ചെ നടന്ന അപകടത്തിൽ ആലപ്പുഴ കോമളപുരത്ത് വട്ടക്കേരി വീട്ടിൽ ശിവപ്രസാദ് (39) മരിച്ചിരുന്നു. ഈസ്റ്റ് പള്ളൂർ സിഗ്നലിൽ നിർത്തിയിട്ട മരംകയറ്റിയ ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. ലോറിയിൽ മരത്തടികൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു അന്ന്. ബൈപ്പാസിൽ തെരുവുവിളക്കില്ല. അതിനാൽ വാഹനങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല.
ഈസ്റ്റ് പള്ളൂർ സിഗ്നലിനടുത്ത് ജൂൺ ഒന്നിന് രാവിലെ നടന്ന അപകടത്തിൽ ഓട്ടോഡ്രൈവർ മുത്തു(67) മരിച്ചിരുന്നു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ഒരു മാസം മുൻപ് ബൈപ്പാസിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈപ്പാസ് തുറന്നശേഷം ഈസ്റ്റ് പള്ളൂർ സിഗ്നലിനടുത്ത് മാത്രം ചെറുതും വലുതുമായ 75 അപകടങ്ങൾ നടന്നു. നിട്ടൂർ, ചോനാടം എന്നിവിടങ്ങിൽ സർവീസ് റോഡും അപകടമേഖലയായി മാറുകയാണ്. കൊളശ്ശേരിയിലുള്ള ടോൾപ്ലാസ ഒഴിവാക്കാൻ വലിയ വാഹനങ്ങൾ വരെ നിട്ടൂർ, ചോനാടം എന്നിവിടങ്ങളിൽ സർവീസ് റോഡിലിറങ്ങി സഞ്ചരിക്കുകയാണ്. ഇത് സർവീസ് റോഡിൽ തിരക്ക് കൂട്ടുകയും അപകടത്തിന് ഇടയാക്കുകയും ചെയ്യുന്നു.