പാഠപുസ്‌തകത്തിലുണ്ട്‌ റോസ്‌ മരിയയുടെ നിറക്കൂട്ട്‌

Share our post

തൊടുപുഴ: കലോത്സവവേദികളിൽ ചിത്രങ്ങൾ വരക്കുമ്പോൾ റോസ് മരിയ വിചാരിച്ചില്ല തന്റെ ചിത്രങ്ങൾ പുസ്‌തകത്താളുകളെ അലങ്കരിക്കുമെന്ന്‌. ഈ വർഷത്തെ മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലാണ്‌ തൊടുപുഴ സ്വദേശി റോസ്‌ മരിയ സെബാസ്‌റ്റ്യൻ വരച്ച ചിത്രങ്ങൾ ഇടം നേടിയത്‌. 2022ൽ കോഴിക്കോട്‌ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ്‌ നേടിയ കുട്ടികളുടെ ചിത്രങ്ങൾ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ്‌ ഈ മിടുക്കിയ്ക്ക്‌ തുണയായത്‌.

തിരുവനന്തപുരത്ത്‌ മൂന്നുദിവസം താമസിച്ചാണ്‌ ചിത്രങ്ങൾ വരച്ചത്‌. കാർട്ടൂൺ കഥാപാത്രങ്ങൾ, ചിത്രശലഭങ്ങൾ, മറ്റ്‌ ജീവികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ്‌ വരച്ചത്‌. ഇതിൽനിന്ന്‌ പരിസര പഠനക്ലാസിൽ ആറോളം ചിത്രങ്ങളാണ് ആദ്യടേമിലെ പുസ്‌തകത്തിലുൾപ്പെടുത്തിയിട്ടുള്ളത്‌. മകളുടെ ചിത്രങ്ങളുള്ള പുസ്‌തകമാണ്‌ കേരളത്തിലെ മൂന്നാം ക്ലാസുകാർ പഠിക്കുന്നത്‌ എന്നതിന്റെ സന്തോഷത്തിലാണ്‌ തൊടുപുഴ അമ്പഴത്തിനാൽ സെബാസ്‌റ്റ്യനും ഭാര്യ ഷേർളിയും.
മൂന്നാം ക്ലാസ്‌ മുതൽ ചിത്രരചനയിൽ താൽപ്പര്യം കാണിച്ച മകൾക്ക്‌ അച്ഛനും അമ്മയും പ്രോത്സാഹനം നൽകി.

റോസ്‌ മരിയ ഇതിനകം വരച്ചുകൂട്ടിയത്‌ ഏഴായിരത്തിലധികം ചിത്രങ്ങളാണ്‌. റോസ്‌മരിയ വരച്ച നിയമസഭാസമാജികരുടെ ചിത്രപ്രദർശനം കേരളനിയമസഭയുടെ അനുമോദനത്തിന്‌ കാരണമായി. കേരളത്തിലും പുറത്തുമായി ഏഴോളം ചിത്ര പ്രദർശനങ്ങളും സംഘടിപ്പിച്ചു. വാട്ടർ കളർ, ഓയിൽപെയിന്റ്‌, ക്രയോൺസ്‌, ചായപെൻസിൽ എന്നിവയിലാണ്‌ ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഒരുക്കുന്നത്‌. പ്ലസ്‌ വൺ പാസായ റോസ്‌ മരിയക്ക്‌ ചിത്രരചനയിൽ ഉപരിപഠനം നടത്താനാണ്‌ ആഗ്രഹം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!