ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ കയറില്‍തട്ടി വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: ആലുവ അമ്പാട്ടുകാവില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണാണ് യുവാവ് മരിച്ചത്. കുന്നത്തുകരയില്‍ എളമന തൂമ്പളായില്‍ ഫഹദ് (19) അപകടത്തില്‍പ്പെട്ടതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. കേടായ ഓട്ടോറിക്ഷ കയറില്‍കെട്ടി വലിച്ചുകൊണ്ട് പോകുകയായിരുന്നു. ഈ വാഹനം യു ടേണ്‍ എടുക്കുന്നതിനിടയില്‍ ഈ രണ്ട് ഓട്ടോകള്‍ക്കുമിടയില്‍ കുറച്ച് സ്ഥലമുണ്ടായിരുന്നു.
ഇതിലൂടെ ബൈക്ക് എടുക്കുന്നതിനിടെയാണ് കയറില്‍കുരുങ്ങി അപകടം സംഭവിച്ചത്. വളരെ തിരക്കേറിയ റോഡിലൂടെയാണ് അപകടകരമായ വിധത്തില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുവന്നിരുന്നത്. കെട്ടിവലിച്ചുകൊണ്ടുവരുന്നതിന്റെ സൂചനകളൊന്നും ഓട്ടോ നല്‍കിയിരുന്നില്ല. കൂടാതെ ഇരു ഓട്ടോകള്‍ക്കിടയിലും കയര്‍ കെട്ടിയിട്ടുള്ള വിവരവും വ്യക്തമാകില്ല. ഇതിനിടയില്‍ കുരുങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്.