പേരാവൂരിലെ ഗതാഗതക്കുരുക്ക്; ശാശ്വത പരിഹാരത്തിന് തീരുമാനം, അനധികൃത പാർക്കിങ്ങ് നിരോധിക്കും

Share our post

പേരാവൂർ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കാനും അനധികൃത പാർക്കിങ്ങ് നിയന്ത്രിക്കാനും പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പഞ്ചായത്ത് തല ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് കാലങ്ങളായുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവകക്ഷി യോഗം തീരുമാനമെടുത്തത്. എല്ലാ തീരുമാനങ്ങളും ജൂൺ ഒന്ന് മുതൽ കർശനമായി പാലിക്കാനും ധാരണയായി.

പാർക്കിങ്ങ് നിരോധിച്ച മേഖലകൾ

1. പുതിയ ബസ് സ്റ്റാൻഡ് മുതൽ ടൗൺ കവല വരെ കൊട്ടിയൂർ റോഡിലെ ഇരുവശവും.

2. പുതിയ ബസ് സ്റ്റാൻഡിലേക്കും പുറത്തേക്കുമുള്ള വഴികൾ.

3. മാലൂർ റോഡിൽ എം.പി.യു.പി. സ്‌കൂൾ വരെ ഇരു വശവും.

4. താലൂക്കാസ്പത്രി റോഡിൽ ഒരു വശം.

5. ഇരിട്ടി റോഡിൽ മുസ്ലിം പള്ളിക്ക് മുൻവശം (ഇത്രയും സ്ഥലങ്ങളിൽ വ്യാപാര സംഘടനകളുടെ സഹകരണത്തോടെ നോ പാർക്കിങ്ങ് ബോർഡുകൾ സ്ഥാപിക്കും).

ടൗണിൽ പേ പാർക്കിങ്ങ് സാധ്യമാക്കാൻ പഞ്ചായത്ത് തീരുമാനമെടുക്കും. ചുമട്ട് തൊഴിലാളികളും വ്യാപാരികളുമായി സഹകരിച്ച് രാവിലെ ഒൻപത് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ അഞ്ച് വരെയും വലിയ വാഹനങ്ങളിൽ കയറ്റിറക്ക് നടത്തുന്നത് നിയന്ത്രിക്കും. ഇക്കാര്യത്തിൽ ഇരു വിഭാഗത്തിനും പോലീസ് നോട്ടീസ് നൽകും. ടൗണിലെ എല്ലാ നടപ്പാതകളിലെയും കയ്യേറ്റം ഒഴിപ്പിക്കാനും നടപ്പാതകളിലെ പാർക്കിങ്ങിനെതിരെ കേസെടുക്കാനും തീരുമാനിച്ചു. വ്യാപാരികൾ നടപ്പാതകളിൽ സാധനങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ കർശന നിയമനടപടിയുണ്ടാവും.

പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കവലയിലെ അനധികൃത ബസ് സ്റ്റോപ്പ് ഒഴിവാക്കും. നിയമ ലംഘനം നടത്തുന്ന ബസുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ബസ് സ്റ്റാൻഡിലേക്കുള്ള വൺവേ സംവിധാനം കർശനമാക്കും. പഴയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കും. ടൗൺ പരിസരത്ത് രാവിലെ മുതൽ വൈകിട്ട് വരെ തുടർച്ചയായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ ആർ.സി. ബിജുവും അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഷനിൽ കുമാറും നിയമനടപടികൾ വിശദീകരിച്ചു. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ എം. ഷൈലജ, നൂറുദ്ദീൻ മുള്ളേരിക്കൽ, റജീന സിറാജ്, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വ്യാപാര സംഘടന-ചുമട്ടു തൊഴിലാളി-ഓട്ടോത്തൊഴിലാളി-ടാക്‌സി ഡ്രൈവേഴ്‌സ് തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹികളും സംസാരിച്ചു. യോഗത്തിൽ ഐക്യകണ്‌ഠേനയാണ് എല്ലാ തീരുമാനങ്ങളും എടുത്തത്. മൂന്ന് മാസം കഴിഞ്ഞ് അവലോകന യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!