പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ സാമ്പത്തിക ക്രമക്കേടിൽ സംഘടനക്ക് കൂടുതൽ പണം നഷ്ടപ്പെട്ടതായി വിവരം. ക്രമക്കേട് അന്വേഷിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത എക്‌സിക്യുട്ടീവിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പരസ്പര സഹായ നിധിക്ക് പുറമെ, മറ്റു ക്രമക്കേടുകളും നടന്നതായാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഓഫീസ് ബോർഡ് സ്ഥാപിച്ചതിൽ പോലും അഴിമതി നടന്നതായും ആരോപണമുണ്ട്. അഞ്ച്, രണ്ട്, രണ്ട് ലക്ഷങ്ങളുടെ മൂന്ന് കുറികളിൽ നിന്ന് മാത്രം 16 ലക്ഷത്തിന്റെ തിരിമറി നടന്നതായാണ് തുടക്കത്തിലെ ആരോപണം. എന്നാൽ, ഇതിന് പുറമെ നിലവിൽ നടക്കുന്ന അഞ്ച് ലക്ഷത്തിന്റെ ചിട്ടിയിലും ക്രമക്കേടുകൾ നടന്നതായാണ് വിവരം. യൂണിറ്റിൽ വീണ്ടും നടന്ന സാമ്പത്തിക ക്രമക്കേടിൽ ജില്ലാ കമ്മിറ്റിക്ക് കടുത്ത അതൃപ്തിയുണ്ട്. നിലവിലെ ഭരണസമിതിയിലെ നേതാക്കളും സാമ്പത്തിക ക്രമക്കെടിനെതിരെ രംഗത്തുള്ള വിഭാഗത്തിലുള്ളവരും കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച എക്‌സികുട്ടീവ് യോഗം ചേരാനും ഇരു വിഭാഗങ്ങളും തയ്യാറാക്കിയ കണക്കുകൾ അവതരിപ്പിക്കാനും ജില്ലാ പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നിലവിലെ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി പി. പുരുഷോത്തമൻ, മേഖലാ പ്രസിഡന്റ് എസ്. ബഷീർ എന്നിവരും സതീഷ് മണ്ണാറുകുളം, മനോജ് താഴെപ്പുര, മുസ്തഫ കാട്ടുമാടം, ജോണി മംഗല്യ എന്നിവരും വെവ്വേറെ ജില്ലാ പ്രസിഡന്റിനെ കണ്ട് യൂണിറ്റിലെ ക്രമക്കേടുകൾ ധരിപ്പിച്ചിട്ടുണ്ട്. കളക്ഷൻ ഏജന്റ് 16 ലക്ഷം രൂപയോളം ക്രമക്കേട് നടത്തിയെന്ന് ഔദ്യോഗിക ഭാരവാഹികൾ പറയുമ്പോൾ, തുക ഇതിലും കൂടുതലാണെന്നും പണം നഷ്ടപ്പെട്ടത് ഭാരവാഹികളുടെ അനാസ്ഥ മൂലമാണെന്നുംമറു വിഭാഗവും ആരോപിക്കുന്നു. അഡ്ഹോക്ക് കമ്മിറ്റി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ സംഘടനക്ക് നഷ്ടപ്പെട്ട തുക കൃത്യമായി അറിയാൻ പറ്റുകയുള്ളൂ.
നിലവിലെ യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ സംഘടനയുടെ ജില്ലാ വൈസ്.പ്രസിഡന്റ് കൂടിയായതിനാൽ പേരാവൂരിലെ വൻ സാമ്പത്തിക ക്രമക്കേട് ജില്ലാ കമ്മിറ്റിക്ക് കൂടി നാണക്കെടുണ്ടാക്കിയെന്നാണ് ഒരു വിഭാഗം വ്യാപാരികൾ പറയുന്നത്. തൊട്ടടുത്ത കേളകം യൂണിറ്റിലും സമാനമായ സാഹചര്യമാണുള്ളത്. പേരാവൂർ യൂണിറ്റിൽ മുൻപ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ വ്യാപാരികൾ തമ്മിൽ തർക്കമുണ്ടാവുകയും 150-ഓളം വ്യാപാരികൾ സംഘടന വിട്ട് പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. 400 ലധികം അംഗങ്ങളുള്ള പേരാവൂർ യൂണിറ്റിൽ നിന്ന് ഒരു വിഭാഗം സംഘടന വിട്ടതോടെ നിലവിൽ 225 അംഗങ്ങളാണുള്ളത്.
നിലവിലെ സാമ്പത്തിക ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സംഘടനയുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഇരു വിഭാഗവും വാക്ക്‌പോരുകൾ നടത്തുന്നുണ്ട്. നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പോസ്റ്ററും പ്രചരിച്ചു. പോസ്റ്ററിൽ നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത ആരോപണങ്ങളാണുള്ളത്. അതേസമയം, ഭാരവാഹികൾക്കെതിരെ കളക്ഷൻ ഏജന്റ് ജില്ല പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുപ്പ് നടത്തിയിട്ടുണ്ട്.