കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ തല കലോത്സവം; ഉളിക്കലിന് ഓവറോൾ കിരീടം

പേരാവൂർ: കുടുംബശ്രീ, ഓക്‌സിലറി ഇരിട്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ ഉളിക്കൽ സി.ഡി.എസ് ജേതാക്കളായി. ഓക്‌സിലറി ഇനത്തിൽ 140-ഉം അയൽക്കൂട്ട ഇനത്തിൽ 60-ഉംപോയിന്റുകൾ നേടിയാണ് ഉളിക്കൽ കിരീടം നേടിയത്. അയൽക്കൂട്ട ഇനത്തിൽ 120-ഉം ഓക്‌സിലറി ഇനത്തിൽ 45 പോയിന്റമായി മട്ടന്നൂർ രണ്ടാം സ്ഥാനവും 49 പോയിന്റുമായി കേളകം മൂന്നാം സ്ഥാനവും നേടി. കലോത്സവ സമാപന സമ്മേളനം മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വൈസ്. പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, പേരാവൂർ പഞ്ചായത്തംഗങ്ങളായ കെ.വി. ബാബു, ടി. രഗിലാഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ശാനി ശശീന്ദ്രൻ, കുടുംബശ്രീ മിഷൻ ഡി.പി.എം ജി.പി. സൗമ്യ എന്നിവർ സംസാരിച്ചു.