കാടിനുള്ളില്‍ യൂക്കാലി നടാനുള്ള ഉത്തരവ് മരവിപ്പിച്ചു; എം.ഡിയോട് വിശദീകരണം തേടിയെന്നും വനംമന്ത്രി

Share our post

കോഴിക്കോട്: കാടിനുള്ളില്‍ യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് മരവിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവികസന കേര്‍പ്പറേഷന് നയം ലംഘിച്ച് യൂക്കാലി നടാന്‍ അനുമതി നല്‍കിയ ‘മാതൃഭൂമി’ വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച് കേരള വനം വികസന കോര്‍പ്പറേഷന്‍ എംഡിയോട് വിശദീകരണം തേടിയെന്നും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.

കെ.എഫ്.ഡി.സി. നഷ്ടത്തിലായപ്പോഴാണ് യൂക്കാലി നടാനുള്ള ആലോചന ഉണ്ടായത്. ഉത്തരവ് നടപ്പാക്കിയപ്പോള്‍ അശ്രദ്ധ ഉണ്ടായി. വന നയം ലഘിച്ച് ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യില്ല. നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. യൂക്കാലി ഉള്‍പ്പടെയുള്ള അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വനം മന്ത്രി വ്യക്തമാക്കി.

വനംനയത്തിന് വിരുദ്ധമായും കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ചും കാടിനുള്ളില്‍ യൂക്കാലി നടാന്‍ വനം വികസന കേര്‍പ്പറേഷന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് നേരത്തേ വനംമേധാവി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് നിയമലംഘനമാണെന്നും നടപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വനംമേധാവി ഗംഗാസിങ് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് റിപ്പോര്‍ട്ട് നല്‍കിയത്. യൂക്കാലി നടാന്‍ അനുമതി നല്‍കിയ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് വനംമേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

യൂക്കാലി നടുന്നതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം തേടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അനുമതിക്കായി നടത്തിയ നീക്കങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് വനംമേധാവിയുടെ റിപ്പോര്‍ട്ടോടെ തെളിയുന്നു.

ഉത്തരവ് വിവാദമായ സാഹചര്യത്തില്‍ ഈ പ്രശ്‌നം വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും വിടാനാണ് നീക്കം. മന്ത്രാലയം ഇതിന് അനുമതി നിഷേധിക്കുന്നതോടെ ഇപ്പോഴത്തെ ഉത്തരവിന് പ്രസക്തിയില്ലാതാവും. ഘടകകക്ഷി നേതൃത്വംനല്‍കുന്ന ഒരു പൊതുമേഖലാസ്ഥാപനത്തിന് സര്‍ക്കാര്‍ നല്‍കിയ അനുമതി സര്‍ക്കാര്‍തന്നെ പിന്‍വലിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.

വനംവകുപ്പിന്റെ പ്രവര്‍ത്തനപരിപാടി തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് വനംമേധാവി സര്‍ക്കാരിന് കൈമാറിയത്.

യൂക്കാലി നടാനുള്ള അനുമതിക്കായി നേരത്തേ വനം വികസന കോര്‍പ്പറേഷന്‍ കേന്ദ്രമന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയം അനുമതി നല്‍കിയില്ല. സംസ്ഥാനത്തെ ഉന്നതതലസമിതിയും അനുമതി നിഷേധിച്ചു. ഇക്കാര്യങ്ങളൊക്കെ മറച്ചാണ് കോര്‍പ്പറേഷന്‍ വീണ്ടും കത്തുനല്‍കി സംസ്ഥാനസര്‍ക്കാരിന്റെ അനുമതി നേടിയത്. വനംമേധാവിയും മൗനംപാലിച്ചു. കേന്ദ്രമന്ത്രാലയം അനുമതി നല്‍കിയതുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചതെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വാദിച്ചിരുന്നത്.

വന്യജീവി-മനുഷ്യ സംഘര്‍ഷം പെരുകുമ്പോള്‍, വനത്തിന്റെ സ്വാഭാവികപരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വിദേശസസ്യങ്ങള്‍ ഒഴിവാക്കണമെന്ന വനംനയത്തിനെതിരായ നടപടികളാണ് വിവാദമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!